ഐൻസ്റ്റൈനും മൊസാർട്ടും ഉണ്ടാകുന്ന വഴി

by Jijo P Ulahannan

cover-image

“കാലാവസ്ഥ ഒരിക്കലും മോശമാവില്ല. വസ്ത്രധാരണം അപര്യാപ്തമാവാമെന്ന് മാത്രം!”

  • ഒരു ഫിന്നിഷ് പഴമൊഴി.

മറ്റുള്ളവർക്ക് പിന്നാലെ ഓടുന്ന കുട്ടികളുടെയും അല്ലെങ്കിൽ അവരെ ഓടിക്കുന്ന മാതാപിതാക്കളൂടെയും കാലം കഴിയുകയാണോ? സ്വയം വഴി വെട്ടിത്തെളിക്കുന്ന തലമുറയാണോ ഇനി മുന്നിലുള്ളത്? വ്യത്യസ്തമായ വഴികൾ തെരഞ്ഞെടുത്ത കുട്ടികളുടെ വാർത്തകൾ പലരും പങ്കു വയ്ക്കുന്നുണ്ട്. കുട്ടികളെ രൂപപ്പെടുത്തുന്നതിൽ കുടുംബം, അദ്ധ്യാപകർ, സമൂഹം എന്നിവർക്കെല്ലാം പ്രധാന പങ്ക് വഹിക്കാനുള്ളതിനാൽ അവരുടെ കഴിവുകൾ ചെറുപ്പത്തിലേ കണ്ടെത്തി, വേണ്ട ആത്മവിശ്വാസം കൊടുത്ത്, തിരുത്തേണ്ട സമയത്ത് സ്വയം തിരുത്താനുള്ള സഹായം നൽകി അവരേയും, ഒപ്പം സമൂഹത്തെത്തന്നെയും മുന്നോട്ട് കൊണ്ട് പോകാൻ ഇവർക്കെല്ലാം ബാദ്ധ്യതയില്ലേ? ലോകം അറിയുന്ന മിക്കവാറും പ്രതിഭകളെല്ലാം സമൂഹവും അദ്ധ്യാപകരും അവഗണിച്ചെങ്കിലും കുടുംബത്തിന്റെയോ അല്ലെങ്കിൽ അവരെ തിരിച്ചറിഞ്ഞ ചില വ്യക്തികളുടെയൊ സ്ഥിര പിന്തുണയാൽ ഉയർന്നു വന്നവരാണെന്ന് കാണാം. അല്ലാതെ നാം കരുതുന്നതു പോലെ ബുദ്ധി തലയിൽ നിറച്ച് വച്ച റോബോട്ടുകളല്ല പ്രതിഭകൾ.

ഇതോടൊപ്പം പ്രാധാന്യമുള്ളതാണ് പഠിക്കാൻ തെരെഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ. ചിലർക്കത് സ്റ്റാറ്റസ് നോക്കിയാണെങ്കിൽ, ചിലർ സിലബസ് നോക്കിയും, ചിലർ ഭാഷ നോക്കിയുമാണ് കുട്ടികളെ അയക്കാൻ മെനക്കെടുക. ചുരുക്കം ആളുകളെ കുട്ടികൾ ഭാരമില്ലാതെ, കളിച്ച്, ആസ്വദിച്ച്, സ്വയം പഠിക്കുന്ന സ്ഥലങ്ങൾ വേണമെന്ന് കരുതാറുള്ളൂ. അത്തരം സ്ഥലങ്ങളിൽ മാതാപിതാക്കളുടെയും, അദ്ധ്യാപകരുടെയും, കുട്ടികളുടെയുമെല്ലാം ഉത്തരവാദിത്വം കൂടുമെന്നതാവാം ഒരു കാരണം.

സഹായിക്കാൻ അധികമാരുമില്ലാതെ സ്വയം മുന്നോട്ട് പോകണമെന്ന ത്വരയുമായി വന്ന രണ്ട് വിദ്യാർത്ഥികളെ പരിചയപ്പെടാം, വിദ്യാർത്ഥികളായി അവരെ കിട്ടിയില്ല എന്നത് എന്നെപ്പോലെ തന്നെ ഏതോരദ്ധ്യാപകനും നഷ്ടബോധം ഉണ്ടാക്കും!

സ്വയം പഠിക്കുന്നവർ!

ഒരാൾക്ക് ഒരേ സമയത്ത് രണ്ട് ബിരുദമെടുക്കാനാവുമോ?

ബസിൽ വച്ച് യാദൃശ്ചികമായാണ് എന്റെ ഭാര്യ സീറ്റിൽ അടുത്തിരുന്ന് യാത്ര ചെയ്യുന്ന കുട്ടിയെ പരിചയപ്പെടുന്നത്. നമുക്കവളെ ലക്ഷ്മി എന്ന് വിളിക്കാം. മലയോര ഗ്രാമത്തിൽ നിന്നു വരുന്ന അവൾ ഇഗ്നോയിൽ ബിരുദപഠനത്തിനായി നഗരത്തിലെത്തിയതാണ്. കൂടാതെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയും ചെയ്യുന്നുണ്ട്. ഫിസിക്സ് വളരെ ഇഷ്ടമായിരുന്ന അവൾ തലസ്ഥാനത്ത് ഒരു കോളജിൽ പഠിക്കവേ ഒരപകടത്തിൽപ്പെട്ട് പഠനം ഒന്നാം വർഷം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് ഒരു വർഷം ചികിത്സയുമായി അങ്ങിനെ പോയതിനാലാണ് ഇഗ്നോയിൽ ചേരേണ്ടി വന്നത്. ഏതായാലും ഇഗ്നോ പഠനവും നഗരത്തിലെ ജീവിതവുമൊക്കെയായി ചെലവ് താങ്ങാൻ പറ്റുന്നില്ല. അപ്പോഴാണ് എന്റെ ഭാര്യ നിർദ്ദേശിച്ചത് ഞാൻ പഠിപ്പിക്കുന്ന കോളജിൽ അഡ്മിഷൻ ആകാറായി അപേക്ഷിക്കൂ, കിട്ടിയാൽ പഠന ചെലവ് തീരെ കുറവായിരിക്കുമെന്ന്. അങ്ങിനെ ലക്ഷ്മി അപേക്ഷിച്ചു, പക്ഷേ എൺപത് ശതമാനത്തിലധികം മാർക്കുണ്ടെങ്കിലും മെരിറ്റിൽ പ്രവേശനം കിട്ടാൻ അത് പോരായിരുന്നു. ആദ്യത്തെ ലിസ്റ്റിൽ ഇടം കിട്ടാതെ വന്നപ്പോ ലക്ഷ്മി എന്നെ കാണാൻ വന്നു, വളരെ പ്രസാദമുള്ള ഒരു പെൺകുട്ടി. രണ്ടാമത്തെ അലോട്ട്മെന്റിൽ ഫിസിക്സിനു പകരം മറ്റൊരു വിഷയം ലഭിക്കും എന്ന് വന്നപ്പോ കിട്ടിയതിൽ ചേരൂ, അവസാന ദിവസം സ്പോട്ട് അഡ്മിഷന്റെ സമയത്ത് നോക്കാം എന്ന് ഞാനും പറഞ്ഞു. കിട്ടുമെന്ന് ഉറപ്പില്ലാതിരുന്നതിനാൽ തന്നെ വന്ന ആ കുട്ടിക്ക് ഞാൻ ലോക്കൽ ഗ്വാർഡിയനായി ഫീസ് അടക്കാനുള്ള പൈസയും നൽകി. പിറ്റേന്ന് പിതാവിനെയും കൂട്ടി വന്ന് എന്നെ കണ്ടു. വളരെ സാധാരണക്കാരനായ ആ മനുഷ്യന് കോളജ് വിദ്യാഭ്യാസത്തെ കുറിച്ച് വളരെയൊന്നും അറിയില്ലായിരുന്നു. ഏതായാലും അതിനു ശേഷം സ്പോട്ട് അഡ്മിഷന്റെ ദിവസം വന്നു ചേർന്നു.

നമ്മുടെ കോളേജുകളിലെ സ്പോട്ട് അഡ്മിഷനെന്നാൽ സംവരണമടക്കം എല്ലാം പരിഗണിച്ച ശേഷം ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിലേക്ക് മുന്നെ അപേക്ഷിച്ചവർക്കും, നേരത്തേ മറ്റ് വിഷയങ്ങളിൽ ചേർന്നവർക്കും അന്ന് ഹാജരാകുന്നവരെ വച്ച് ഒരു മെരിറ്റ് ലിസ്റ്റ് ഉണ്ടാക്കി വൈകുന്നേരത്തിനു മുന്നായി എല്ലാ സീറ്റുകളും നിറയ്കുന്ന ഒരു പരിപാടിയാണ്. ലക്ഷ്മിയും വന്നു ഒഴിവുണ്ടെങ്കിൽ ഫിസിക്സിലേക്ക് മാറാൻ. പക്ഷെ അവൾക്ക് തോട്ട് മുന്നിലായി അതാ വേറെ റിപ്പോർട്ട് ചെയ്ത ഒരു ആൺകുട്ടി. അവനെ വിളിച്ചറിയിച്ചു ഒരൊഴിവുണ്ട് താൻ വന്നാൽ ചേരാം. അങ്ങിനെ അവൻ വന്നു, ചേർന്നു, ഒന്നാം വർഷം മുതലേ അടിപിടിയൊക്കെയായി ക്ലാസ്സിലൊന്നും കയറാതെ നടന്ന് മൂന്നാം വർഷമായപ്പോ നിരവധി കേസുകളും സപ്ലിമെന്ററിയുമായി ഇനിയും ബിരുദം പൂർത്തിയാക്കാൻ പറ്റുമോ എന്ന അവസ്ഥയിലായി. ലക്ഷ്മി അതേ കോളജിൽ തനിക്ക് ലഭിച്ച വിഷയം പഠിച്ചു. അവളുടെ റ്റ്യൂട്ടറും, വകുപ്പ് മേധാവിയും എന്നെക്കാണുമ്പോ പറയും അവൾ നന്നായി പഠിക്കുന്നുണ്ടെന്ന്.

അഡ്മിഷനു ശേഷം ഏതാനും മാസം കഴിഞ്ഞ് ഞാൻ ഡിപ്പാർട്ട്മെന്റിൽ ഇരിക്കവേ എന്നെ കാണാൻ ലക്ഷ്മി വന്നു. ഒരു പുസ്തകവും കയ്യിലുണ്ട്. കുറച്ച് അസൈന്മെന്റ്സ് ഉണ്ട് സംശയ നിവാരണത്തിനായി വന്നതാണെന്നും പറഞ്ഞു. ഇന്നത്തെ കാലത്ത് സംശയം ചോദിക്കാൻ ക്ലാസ്സിലോ ഡിപ്പാർട്ട്മെന്റിലോ ഒരു കുട്ടി പോലും തയ്യാറാകാത്ത കാലത്ത് അന്യ വിഭാഗത്തിൽ പഠിക്കുന്ന ഒരാൾ എന്റെ അടുത്ത് വന്നത് കണ്ട് ഞാൻ അന്തം വിട്ടിരിക്കേ ലക്ഷ്മി ഒരു ഫിസിക്സ് പുസ്തകം എന്റെ മുന്നിൽ വച്ചിട്ട് പറഞ്ഞു: “ഞാനാ ഇഗ്നോയുടെ കോഴ്സ് ഇപ്പോഴും ചെയ്യുന്നുണ്ട് അതിന്റെയാണ് അസൈന്മെന്റ്.” അങ്ങിനെ പഠിക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചപ്പോ ആ കുട്ടി പറഞ്ഞു അന്വേഷിച്ചപ്പോ അതിനു തടസ്സമില്ലാ എന്നറിഞ്ഞുവെന്ന്. ഫിസിക്സ് അത്രക്ക് ഇഷ്ടമാണ്, എനിക്ക് അത് പഠിക്കാതിരിക്കാൻ പറ്റുന്നില്ലാ എന്നും കൂട്ടിച്ചേർത്തു. കോഴ്സ് കഴിയുന്ന വേളയിൽ അവൾ വീണ്ടും എന്റെ ഭാര്യയെ വിളിച്ച് സംസാരിക്കവേ പറഞ്ഞു ഡിഗ്രി കഴിഞ്ഞു, ഇനി ജേർണ്ണലിസം പഠിച്ചാലോ എന്നാലോചിക്കുന്നു. നല്ലത് വരട്ടെ, കഠിനാധ്വാനം ചെയ്യുന്നവർക്ക് ഭാവി എപ്പോഴും നന്നായിരിക്കുമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.ഇതൊക്കെ ഓർക്കുമ്പോ ഞാൻ ഇടയ്ക്ക് ആലോചിക്കും അന്ന് ആ ആൺകുട്ടിക്ക് അഡ്മിഷൻ കിട്ടുമെന്ന് വിളിച്ച് പറയാതിരുന്നെങ്കിൽ ഞങ്ങൾക്ക് താൽപ്പര്യത്തോടെ പഠിക്കുന്ന ഒരു കുട്ടിയെ കിട്ടുമായിരുന്നല്ലോ എന്ന്! പക്ഷേ അതവന് അവകാശപ്പെട്ടതായിരുന്നല്ലോ?

എക്കണോമിക്സ് പഠിക്കാൻ വന്ന സ്വയം സംരഭകൻ

കോളജിൽ അഡ്മിഷൻ നടക്കുന്ന ഒരു ഒരു ഒരു ജൂൺ മാസം ഒരു ശനിയാഴ്ച്ച. ഒരു സ്പെഷൽ ക്ലാസ്സ് എടുക്കാനായി വന്ന ഞാൻ പോകാനായി തുടങ്ങുമ്പോഴാണ് ജിനീഷ് ഉള്ളിലേക്ക് കടന്ന് വന്നത്. സമയം നാലു മണി. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ജിനീഷ് ഒരു സഹായം വേണമെന്ന് പറഞ്ഞപ്പോ ദൂരയാത്രക്ക് തയ്യാറെടുത്ത് നിന്ന ഞാൻ അധികം താല്പര്യം കാണീച്ചില്ല. പക്ഷെ ജിനീഷ് എന്നോട് പറഞ്ഞു ഞാൻ ഇവിടെ സ്പോട്ട് അഡ്മിഷനിൽ ഒഴിവുണ്ടെന്ന് പത്രത്തിൽ കണ്ടപ്പോ വന്നതാ, പ്രിൻസിപ്പലിനെ കണ്ടു, ഫോം കിട്ടി പക്ഷെ എനിക്ക് എഴുതാൻ ബുദ്ധിമുട്ടുണ്ട്, അതിനാൽ പൂരിപ്പിച്ച് തരണം എന്ന്! എകണോമിക്സിലാ അപേക്ഷിക്കേണ്ടത് പക്ഷേ അവിടെങ്ങും ആരുമില്ലാത്തതിനാലാ സാറിന്റടുത്ത് വന്നതെന്നും പറഞ്ഞു.

അങ്ങിനെ ഞാൻ ജിനീഷിനെ പരിചയപ്പെട്ടു. ഇരിക്കാൻ ഒരു കസേര കൊടുത്തു. പൂരിപ്പിക്കാൻ ആരംഭിച്ചു. അപ്പോൾ ജിനീഷ് തന്റെ കഥ പറഞ്ഞു. ഒറ്റ മകനാണ്, പിതാവ് മരിച്ച് പോയി, അമ്മ ടീച്ചറായിരുന്നു, ഇപ്പോ വിരമിച്ചു. ജനന സമയത്ത് പുറത്തെടുക്കാൻ താമസിച്ചതിനാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് ശരീരം തളർന്ന് പോയതാണ് ജിനീഷിന്റെ. സംസാരത്തിന് ചെറിയ പ്രശ്നമുണ്ട്, ശരീരത്തിന്റെ തളർച്ച തിരുനാവായിലെ ഏതോ ഗുരുക്കളുടെ തിരുമ്മു ചികിത്സ കോണ്ട് കുറെ ഭേദമായി, ഇപ്പോ അല്പം വൈകല്യമേ ബാക്കിയുള്ളൂ. അമ്മയോടൊത്ത് താമസിക്കുന്ന ജിനീഷിന് മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങൾ വിൽക്കുന്ന കടയുണ്ട്, അതിൽ നിന്ന് നല്ല വരുമാനവുമുണ്ട്. കല്യാണം കഴിക്കാൻ ആലോചനയുണ്ടെങ്കിലും ആരെയും ഇത് വരെ കിട്ടിയില്ല. ഞങ്ങടെ കൂട്ടത്തിലൊക്കെ ചെറിയ വൈകല്യം ആണെങ്കിൽ പോലും ആരും പെണ്ണ് തരില്ല സാറെ എന്നും കൂട്ടി ചേർത്തു. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ ബ്ലോക്ക് ലെവൽ സെക്രട്ടറി കൂടിയായ ജിനീഷ് ഫേസ്ബുക്കിലും ആക്ടീവാണ്. പിന്നീട് എന്റേയും ഫേസ്ബുക് സുഹൃത്തായ ജിനീഷ് ഞാൻ എന്ത് പോസ്റ്റ് ചെയ്താലും അത് ലൈക് ചെയ്തിരിക്കും! അടുത്ത് ജിനീഷ് റ്റ്വിറ്ററിലും വന്നതായി സ്റ്റാറ്റസ് കണ്ടു.

ഇനി കാര്യത്തിലേക്ക് വന്നാൽ ജിനീഷിന് പഠിക്കാൻ വളരെ ഇഷ്ടമാണ്. ഹയർ സെക്കണ്ടറി വരെ ഓപ്പൺ സ്കൂളിലോ മറ്റോ പ്രൈവറ്റായി പഠിച്ചാണ് പാസ്സായത്. ഇനി ഈ കോളജിൽ തന്നെ പഠിക്കണം എന്ന് വളരെ ആഗ്രഹമുണ്ട്. പഠിച്ചിട്ട് ജോലി നേടാനൊന്നുമല്ല, വെറുതെ പഠിക്കാൻ! ഇനി ഞങ്ങളുടെ കോളജ് മതിയെന്ന് വയ്ക്കാൻ കാരണം അതിന്റെ പ്രശസ്തിയും, ശാരീരിക വൈകല്യമുള്ളതിനാൽ അധികം യാത്ര ചെയ്ത് ക്ലാസ്സിൽ പോകാനുള്ള ബുദ്ധിമുട്ടും. ഞങ്ങളുടെ കോളജാണ് ഭിന്നശേഷിക്കാർക്ക് ഏറ്റവും സൗകര്യം ചെയ്യുന്നതെന്ന പരാമർശം എനിക്ക് സംശയം ഉളവാക്കി. സാറെ നമ്മുടെ ബുദ്ധിമുട്ടൊന്നും പലർക്കും ഒരു പ്രശ്നവുമല്ല, ഒരാളും സഹായം ചെയ്യില്ല എന്നും ജിനീഷ് കൂട്ടിച്ചേർത്തു.

അപേക്ഷ പൂരിപ്പിക്കവേ ജിനീഷ് പറഞ്ഞു സാർ എനിക്ക് ബിസിനസ്സ് ഉച്ച വരേ ഉള്ളത്തിനാൽ രാവിലെ കോളജിൽ വരാൻ ബുദ്ധിമുട്ടാ. അപ്പോൾ ഞാൻ ചോദിച്ചു എങ്കിൽ പ്രൈവറ്റായി പഠിച്ചാൽ പോരെയെന്ന്. പക്ഷെ പ്രൈവറ്റ് രജിസ്റ്റ്രേഷൻ പരീക്ഷ സർവകലാശാല ഞങ്ങളുടെ കോളജിൽ നിന്ന് അടുത്ത കോളജിലേക്ക് മാറ്റിയതിനാൽ ഈ കോളജിൽ തന്നെ പരീക്ഷ എഴുതണമെന്ന ജിനീഷിന്റെ ആഗ്രഹം നടക്കില്ലല്ലോ. അപേക്ഷ പൂരിപ്പിക്കവേ ജിനീഷിന്റെ മാർക്ക് ലിസ്റ്റ് കണ്ട ഞാൻ പറഞ്ഞു സ്പോട്ട് അഡ്മിഷൻ പോലും ബുദ്ധിമുട്ടായിരിക്കുമെന്ന്. അത് പോലെ തന്നെ സംഭവിച്ചു. പക്ഷെ പിന്നീടൊരിക്കൽ ഫോൺ ചെയ്ത ജിനീഷ് പറഞ്ഞു സാറെ പ്രൈവറ്റായി ബിരുദത്തിനു രജിസ്റ്റർ ചെയ്തു, കൂടാതെ സർവകലാശാല ഞങ്ങളുടെ കോളജിനെ സെന്ററായി വീണ്ടും പ്രഖ്യാപിച്ചേക്കുമെന്നും. ഇനി ജിനീഷിന്റെ ബിരുദം നേടിയതിനും, കല്യാണ വാർത്തക്കുമായി കാതോർത്തിരിക്കുന്നു.

പുറത്തോട്ട്/മുന്നോട്ട് നോക്കാം

ഫിൻലന്റ് ഫിനോമെനൻ എന്ന ഒരു ഡോക്യുമെന്രറി കണ്ടപ്പോൾ മനസ്സിലായ കാര്യം ജീവിത നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന സ്കാന്റിനേവിയൻ രാജ്യങ്ങളിലോക്കെ വിദ്യാഭ്യാസം നമ്മുടേത് പോലെ അഭ്യാസം മാത്രമല്ലാതായിട്ട് കാലം കുറെയായി. ഫിൻലന്റിൽ സ്കൂൾ കഴിയുന്നത് വരെ എല്ലാവരും ഒരേ തരം വിദ്യാഭ്യാസമാണ്. ഏഴ് വയസ്സ് വരെ കളിച്ച് രസിക്കാനുള്ള സ്ഥലങ്ങൾ മാത്രം. കുട്ടികൾക്ക് നടന്ന് അല്ലെങ്കിൽ സൈക്കിളിൽ പോകാൻ കഴിയുന്ന ഒരേ പോലത്തെ സ്കൂളുകൾ. ഒരു ടീച്ചർക്ക് കീഴിൽ കുറച്ച് മാത്രം കുട്ടികൾ, ഭിന്നശേഷിയുള്ളവരും മിക്കവാറും മറ്റുള്ളവർക്കൊപ്പം തന്നെ. എല്ലാവരും ഒരു കുടുംബം പോലെ സഹവർത്തിത്വത്തോടെ പഠിക്കുന്നു. പൊതു പരീക്ഷകളില്ല, തുടർച്ചയായി വിലയിരുത്താൻ കഴിവുള്ള അദ്ധ്യാപകർ മാത്രം. വിദ്യാഭ്യാസ കാര്യത്തിൽ ബിസിനസ്സ്കാരെയും ഉദ്യോഗസ്ഥ പ്രഭുക്കളെയും അകറ്റിനിർത്തി വിദ്യാഭ്യാസത്തിൽ താല്പര്യമുള്ളവർ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നു. ഏതോരു പൗരനും ഏത് സ്കൂളും സന്ദർശിച്ച് വിലയിരുത്താനുള്ള അവസരവുമുണ്ട്.

ശതമാനക്കണക്കിൽ ഏറ്റവും അധികം ഗവേഷണ ബിരുദമുള്ളവരുള്ള രാജ്യത്തിന്റെ ശക്തിയും അത് തന്നെ. സ്കൂൾ കഴിയുമ്പോഴെ താൻ ഏത് വഴി പോകണമെന്ന് ഉറപ്പുള്ള വിദ്യാർത്ഥികൾ. ഓരോ വിഷയം മാത്രം വേർ തിരിച്ച് പഠിക്കുന്നതിനു പകരം എല്ലാ മേഖലയിലും മികവു നേടുന്നതിൽ ഊന്നൽ. വളരെ മികച്ചതും കടുപ്പമുള്ളതുമായ അദ്ധ്യാപക പരിശീലനം കഴിഞ്ഞാൽ കിട്ടുന്ന ജോലീ രാജ്യത്തെ ഏറ്റവും മികച്ചത്. പ്രൈമറി വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം. അറിവ് നേടുന്നതിന് മറ്റെന്തിനേക്കാളും പ്രാധാന്യം. ഇങ്ങിനെ ഒന്ന് നമുക്കെന്ന് സ്വപ്നം കാണാൻ കഴിയും? ഭിന്നശേഷിക്കാരും, മൂന്നാം ലിംഗക്കാരുമടക്കം ആർക്കും അവഗണനയില്ലാതെ, ആരും ഐഡന്റിറ്റി ചോദിക്കാതെ കയറി വരാവുന്ന ഇടമായി നമ്മുടെ ക്യാമ്പസ്സുകൾ എന്ന് മാറും?

നാടും മുഴുവൻ എല്ലാത്തിനും ട്യൂഷൻ, എല്ലാ മുക്കിലും ഐഎസ്സ് പരിശീലന കേന്ദ്രങ്ങൾ, ജാതി മത അടിസ്ഥാനത്തിൽ മുളച്ച് പൊന്തുന്ന സ്ക്കൂളുകളും കോളജുകളും ഒക്കെയുള്ള നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവകഥ പറഞ്ഞവസാനിപ്പിക്കാം. പ്രശസ്തമായ ഒരു വിദേശ ബാങ്ക് ക്യാമ്പസ് റിക്ര്യൂട്ട്മെന്റിനായി നഗരത്തിലെത്തി. മറ്റ് പല കോളജുകളിലെയും കുട്ടികൾ ഇടിച്ച് കയറിയ ആ സെലക്ഷൻ നടത്തിയത് ഞങ്ങളുടെ കോളജിലും. അവർ സയൻസ് ബിരുദ ക്ലാസ്സുകളിലെ അവസാന വർഷ വിദ്യാർത്ഥികളെ തേടിയാണ് വന്നത്. പക്ഷെ സെലക്ഷൻ കഴിഞ്ഞപ്പോ സ്വകാര്യ കോളജുകളിലെ പലരെയും അവർ തെരഞ്ഞെടുത്തു. ഞങ്ങളുടെ കോളജിൽ നിന്ന് രണ്ട് പേരെയും. ഒരാൾ ബി എ മലയാളം, മറ്റെയാൾ എം എ എക്കണോമിക്സ്! എങ്ങിനെ എന്ന് ചോദിച്ചാൽ, അവർ ക്യാമ്പസ് പ്ലേസ്മെന്റ് ഓഫീസറുടെ കാലു പിടിച്ച് ടെസ്റ്റെഴുതാൻ കയറി, ഇന്റർവ്യൂവിലും ശോഭിച്ചു. മറ്റെന്ത് പറയാൻ?

അവലംബം

  1. The Finland Phenomenon: Inside the World’s Most Surprising School System: https://www.youtube.com/watch?v=VhH78NnRpp0
  2. Images from https://upload.wikimedia.org/wikipedia/commons/3/3c/Parent’s_day_at_Eirfan’s_Kindergarten.jpg under Creative Commons licensing for reuse and modification.

Comments