ആപ്പുകൾ പഠിപ്പിക്കുമോ?

by Jijo P Ulahannan

cover-image

കണക്കിലെ ഒരു കടുകട്ടിയായ പ്രശ്നം തെളിയിക്കാൻ നിങ്ങൾ എത്ര സമയം ചിലവഴിക്കും? ഏതാനും മണിക്കൂറുകൾ? ഒരു ദിവസം? അതോ മാസങ്ങൾ? എന്നാൽ ഏഴുവർഷം ഒരു പ്രശ്നത്തിന്റെ പിന്നാലെ ആയാലോ?

ഐൻസ്റ്റൈൻ, മൊസാർട്ട്, ഡാ വിഞ്ചി ഇവരെല്ലാം അസാമാന്യ പ്രതിഭകളെന്ന് ലോകം വാഴ്ത്തുന്ന ആളുകളാണ്. ഇവർക്കെല്ലാം പൊതുവായി എന്തായിരുന്നു ഉണ്ടായിരുന്നത്? ചെറിയ പ്രായത്തിലേ ഇവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുകയോ, അവരുടെ താല്പര്യങ്ങൾ വികസിപ്പിക്കാൻ പരമാവധി അവസരം കൊടുക്കുകയോ ചെയ്ത് കുടുംബങ്ങളിലാണ് അവർ വളർന്നത്. അതിനാൽ കൗമാരം കടക്കുന്നതിനു മുന്നെ മറ്റ് കുട്ടികൾ നേടുന്നതിനേക്കാൾ അറിവ് കൈവരിക്കാൻ അവർക്ക് കഴിഞ്ഞു. ഇത് സൂചിപ്പിക്കുന്നത്, ഏതൊരു കുട്ടിയിലും ഒളിഞ്ഞ് കിടക്കുന്ന പ്രതിഭ തിരിച്ചറിഞ്ഞ് അവ ചെത്തി മിനുക്കിയെടുക്കാൻ മാതാപിതാക്കളും, സ്കൂളുകളും അതിനൊപ്പം സുഖകരമായ സാഹചര്യം സൃഷ്ടിക്കുന്ന സമൂഹവും ഒത്തൊരുമിക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടിൽ ഇതിൽ പ്രധാന പങ്ക് കുടുംബത്തിനാണെന്ന് കാണാം. വളർച്ചയിലും, പഠനത്തിലും സൂക്ഷ്മ ശ്രദ്ധ വച്ച് പുലർത്തിയാൽ കുട്ടികൾക്ക് എത്ര ഉയരത്തിലും എത്താൻ അവരെ സഹായിക്കും. കുറെക്കാലം മുമ്പ് വരെ പഠനത്തിൽ മികവ് പോരാ എന്ന് തോന്നുന്ന ഏതോരു കുട്ടിയും ആശ്രയിച്ചിരുന്നത് ട്യൂഷൻ സെന്ററുകളെയും, ഗൈഡ് ബുക്കുകളേയും ആയിരുന്നെങ്കിൽ പിന്നീടത് പ്രത്യേക കോച്ചിങ് കേന്ദ്രങ്ങൾക്ക് വഴിമാറി.

സാധാരണക്കാരുടെ മക്കൾക്ക് പലപ്പോഴും ഇത്തരം കോച്ചിങ് കേന്ദ്രങ്ങൾ അപ്രാപ്യമാണെങ്കിൽ, പണമുള്ളവർ ഏതറ്റം വരെയും പോയി അവരുടെ മക്കൾക്ക് മികച്ച പരിശീലനം ഉറപ്പാക്കും. വിവര സാങ്കേതികവിദ്യയുടെ വളർച്ചയോടെ ലോകമെങ്ങും അദ്ധ്യയനത്തിൽ വിവിധ നൂതന സാങ്കേതികവിദ്യകൾ കടന്ന് വരികയുണ്ടായി. ഇന്റർനെറ്റ് എന്ന കലവറ അധികമായി ഉപയോഗിക്കുന്നതോടൊപ്പം, യുവ തലമുറയ്ക്ക് ആവേശമായ ഗെയിമിങ്, വീഡിയോ, പോഡ്കാസ്റ്റുകൾ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങൾ പാഠ്യ പദ്ധതികളിൽ ഇടം പിടിച്ചു. ഇതിനെ പൊതുവെ മിശ്രിത പഠന (Blended Learning) രീതി എന്ന് വിളിക്കുന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ തൊഴിൽ വൈദഗ്ദ്യം നേടാൻ ഇതിൽ നിന്ന് മാറി നിൽക്കുന്നതും അത്ര ആശാസ്യമല്ലാത്തതിനാൽ ലോകമെങ്ങും ഇത്തരം മാർഗ്ഗങ്ങൾ സ്വീകാര്യത നേടി. ഇങ്ങിനെ വിവിധങ്ങളായ ടൂളുകൾ സന്നിവേശിപ്പിച്ച ഓണലൈൻ പോർട്ടലുകളും, ഏത് പ്രായക്കാർക്കും സ്വന്തം വേഗതയിൽ (Self-Paced) പഠിക്കാവുന്ന മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളും (MOOC) ഇന്ന് വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. സർവകലാശാല തലത്തിലും, പ്രൊഫഷണലുകൾക്കുമൊക്കെ അറിവ് നേടാവുന്ന മൂക് സേവനങ്ങൾ ഇന്ന് ലഭ്യമാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ലോകത്തെമ്പാടുമുള്ള അദ്ധ്യാപകരുടെ ക്ലാസ്സുകളിൽ പങ്കെടുത്ത് മികച്ച രീതിയിൽ പഠനം നടത്താനുള്ള അവസരം ഇവ സൃഷ്ടിക്കുന്നു എന്നതാണ്. ഹാർവാർഡ്, എംഐടി, സ്റ്റാൻഫോർഡ് സർവകലാശാലകളുടെ സംയുക്ത സംരഭമായ എഡെക്സ് (edX.org), കോഴ്സേര (Coursera) എന്നിവയൊക്കെ ഇതിൽ ശ്രദ്ധേയമായ പോർട്ടലുകളാണ്.

എല്ലാവർക്കും മികച്ച സ്കൂളുകളിലോ, കോളേജുകളിലോ പഠിക്കാനുള്ള അവസരം ഉണ്ടാവണമെന്നില്ലല്ലോ. അങ്ങിനെ പഠനത്തിലുണ്ടാകുന്ന വിടവ് (Learning Gap) നികത്താൻ ഇത്തരം മാദ്ധ്യമങ്ങൾ സഹായകരമാണ്. എന്നാൽ ഇക്കാലത്തെ തരംഗം ഇവയൊന്നുമല്ല ലേണിങ് ആപ്പുകളാണ് (Learning Apps). എല്ലാ മാദ്ധ്യമങ്ങളിലും നിരവധി പരസ്യങ്ങൾ ദിവസേന നമ്മൾ കാണുന്നുണ്ടല്ലോ. സാധാരണക്കാർക്ക് സൗജന്യമായി തങ്ങളുടെ മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ ഇവയിലെല്ലാം ഉപയോഗിക്കാവുന്ന ചില ആപ്പുകൾ നമുക്ക് പരിചയപ്പെടാം.

ഖാൻ അക്കാദമി

ബംഗ്ലാദേശി വംശജരായ മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിച്ച സൽമാൻ ഖാൻ രൂപം കൊടുത്ത പഠന മാദ്ധ്യമമാണ് ഖാൻ അക്കാദമി. കമ്പ്യൂട്ടർ, ടാബ്ലറ്റ്, മൊബൈൽ ഫോൺ ഇവയിലെല്ലാം സൗജന്യമായി ലഭ്യമായ ഖാൻ അക്കാദമി വീഡിയോകളും അവയെ സംയോജിപ്പിക്കുന്ന ആപ്പും ഖാൻ അക്കാദമി ലഭ്യമാക്കുന്നു. ഇന്ത്യയിൽ അവരുടെ സാന്നിദ്ധ്യം വിപുലമാക്കിക്കൊണ്ടിരിക്കുന്ന ഖാൻ അക്കാദമി ഇപ്പോൾ നമ്മുടെ പാഠ്യ പദ്ധതികൾക്കനുസൃതമായ പാഠങ്ങൾ ലഭ്യമാക്കുന്നുണ്ട്. കുട്ടികൾ സ്കൂളുകളിൽ നിന്ന് മനസ്സിലാക്കുന്നതിന്റെ പോരായ്മ മനസ്സിലാക്കി അത് പരിഹരിക്കാൻ വേണ്ട പാഠങ്ങൾ കണ്ടെത്തി പഠിക്കാനേ ഇത് സഹായിക്കൂ, അല്ലാതെ സമഗ്രമായ ഒരു പഠന മാദ്ധ്യമം അല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ ഗണിതം, ശാസ്ത്രം, എന്നിങ്ങനെ നിരവധി മേഖലകളിൽ വളരെ മികച്ച ഹ്രസ്വ പാഠങ്ങൾ ഖാൻ അക്കാദമി ലഭ്യമാക്കുന്നു. മുഴുവൻ സമയം ഓൺലൈൻ ആയി പഠിക്കാൻ സാധിക്കാത്തവർക്ക് https://learningequality.org/ka-lite എന്ന വിലാസത്തിൽ നിന്ന് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും പ്രവർത്തിക്കുന്ന ഖാൻ അക്കാദമി പാഠങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഖാൻ അക്കാദമി കിഡ്സ്

രണ്ട് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കളിച്ച് പഠിക്കാൻ പറ്റിയ ഒരാപ്പ് ഖാൻ അക്കാദമി അടുത്ത് പുറത്തിറക്കിയിട്ടുണ്ട്. നിരവധി രസകരമായ പഠന മാർഗ്ഗങ്ങൾ ഒത്ത് ചേർന്ന ഈ ആപ്പ് കുട്ടികളിലെ ഭാവന ചിറക് വിരിക്കാനും വിവിധ മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ അവരറിയാതെ തന്നെ പഠനം ഉറപ്പിക്കാനും മറ്റൊരാപ്പിനും തീർത്തും സൗജന്യമായി ലഭിക്കുന്ന ഈ ആപ്പിനൊപ്പം വരാനാവില്ല. ഓരോ കുട്ടിയ്ക്കും ചേർന്ന രീതിയിൽ പതനം ലഭ്യമാക്കാൻ ഇതിനു കഴിയുന്നു. മനോഹരമായ കാർട്ടൂൺ കഥാപാത്രങ്ങളും, സംഗീതവും, ആനിമേഷനുമൊക്കെ ചേർത്ത് ഇതിൽ ഒരുക്കിയിരിക്കുന്നു. https://www.khanacademy.org/kids എന്ന വിലാസത്തിൽ ഇത് ലഭ്യമാണ്.

സികെ - 12

അമേരിക്കയിലും മറ്റും വ്യാപകമായ കിന്റർഗാർട്ടൻ മുതൽ ക്ലാസ്സ് 12 വരെയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാനായി കാലിഫോർണിയയിൽ നീരു ഖോസ്ലയും (സൺ മൈക്രോ സിസ്റ്റംസ് സഹ സ്ഥാപകനായ വിനോദ് ഖോസ്ലയുടെ ഭാര്യ) മുരുഗൻ പാലും ചേർന്ന് ആരംഭിച്ചതാണ് സികെ-12 (CK-12). ആശയങ്ങളിലൂന്നിയുള്ള പഠനം (Concept-based learning), മൾട്ടി മോഡൽ ലേണിങ് (multi modal learning) എന്നീ രീതിയിലൂന്നിയ സികെ-12 പാഠ്യ പദ്ധതികളിലുൾപ്പെടുത്താറുള്ള ഏതാണ്ട് എല്ലാ അദ്ധ്യയന മാർഗ്ഗങ്ങളും പഠിതാക്കൾക്ക് ലഭ്യമാക്കുന്നു. അമേരിക്കൻ വിദ്യാഭ്യാസ വകുപ്പും നാസയുമടക്കം നിരവധി ഏജൻസികൾ സികെ-12 ഉപയോഗപ്പെടുത്തുന്നു. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്ങ്, ഗണിതം (STEM) മേഖലകളിൽ ഊന്നിയാണ് ഇത് ആരംഭിച്ചതെങ്കിലും പിന്നീട് ചരിത്രം, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ വിഷയങ്ങൾ ലഭ്യമാക്കി.

സ്വയം

കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം സ്കൂൾ, കോളേജ്, സർവകലാശാല, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം വേണ്ടി വികസിപ്പിച്ച സമഗ്രമായ ഒരു പ്ലാറ്റ്ഫോം ആണ് സ്വയം (swayam.gov.in). എല്ലാ മൊബൈൽ പ്ലാറ്റ്ഫോമുകളിലും ആപ്പ് രൂപത്തിൽ സ്വയം ലഭ്യമാണ്. പഠിതാവിന്റെ താല്പര്യമനുസരിച്ച് ആവശ്യമുള്ള പഠന തലം തെരെഞ്ഞെടുത്താൽ വിവിധ ക്ലാസ്സുകൾ ലഭിക്കുന്നതാണ്. 14 വയസ്സിനു ശേഷം സ്കൂൾ, കോളേജ് വിദ്യാഭ്യാസം തുടരാൻ കഴിയാതെ വരുന്നവർക്ക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെ വിവിധങ്ങളായ സർട്ടിഫിക്കറ്റുകൾ നേടാൻ അവസരമൊരുക്കുക എന്നത് സ്വയം ലക്ഷ്യമിടുന്നു. നിലവിൽ പൂർണ്ണമായി വികസിപ്പിച്ചിട്ടില്ലാത്ത സ്വയം വ്യത്യസ്ത വിഷയങ്ങളിൽ അറിവ് നേടാനും, ചില മേഖലകളിൽ നൂതന സ്കിൽ നേടാനും ഉപയോഗിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ചെന്നൈ ഐഐടിയുമായി ചേർന്ന് ലഭ്യമാക്കുന്ന NPTEL (http://nptel.ac.in) എന്ന മൂക് (MOOC) പാഠ്യ പദ്ധതി സ്വയത്തിൽ ലഭ്യമാണ്.

സമഗ്ര

കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഐടി@സ്കൂൾ പ്രോജക്ടായി തുടങ്ങി ഇപ്പോൾ കൈറ്റ് (KITE) എന്ന പേരിൽ പ്രവർത്തിക്കുന്ന ഐസിടി (ICT) വിദ്യാഭ്യാസ വിഭാഗം അവതരിപ്പിക്കുന്ന പഠന സ്ത്രോതസ്സാണ് സമഗ്ര (samagra). എല്ലാ ആപ്പുകളും ഇംഗ്ലീഷ് ഭാഷയിൽ ഊന്നിയതാണെങ്കിൽ നമ്മുടെ പാഠ്യ പദ്ധതി വരും കാലങ്ങളിൽ മലയാളത്തിൽ തന്നെ ലഭ്യമാക്കാൻ സമഗ്ര സഹായിക്കും. പാഠ പുസ്തകങ്ങൾ, പരീക്ഷാ ചോദ്യങ്ങൾ എന്നിവയും ഇ-റിസോഴ്സുകൾക്കൊപ്പം സമഗ്രയിൽ ലഭ്യമാണ്. സമഗ്രയുടെ വികസനത്തിനായി ഖാൻ അക്കാദമിയുമായി സഹകരിക്കുന്നതിനാൽ സമീപ ഭാവിയിൽ ഇത് മികച്ച ഒരു പഠന സ്ത്രോതസ്സായി തീരുമെന്ന് പ്രതീക്ഷിക്കാം.

സ്കൂൾയുവർസെൽഫ്

ഹാർവാർഡ് ഇന്നോവേഷൻ ലബോറട്ടറിയുടെ സംഭാവനയാണ് SchoolYourself എന്ന പ്രോജക്റ്റ്. നൂറ് കോടി വിദ്യാർത്ഥികൾക്ക് സ്വയം പഠിക്കാൻ അവസരം ഒരുക്കുക എന്ന സ്വപ്നവുമായി തുടങ്ങിയ ഈ പദ്ധതി പ്രധാനമായും ഗണിത ശാസ്ത്ര വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ളതാണ്. വിദ്യാർത്ഥികൾക്ക് സ്വയം പഠിക്കാനും, അദ്ധ്യാപർക്ക് ഫ്ലിപ്പ്ഡ് ലേണിങ് (Flipped Learning) രീതിയിൽ അദ്ധ്യാപനം നടത്താനും സഹായിക്കുന്ന ഈ പ്രോജക്ട് https://schoolyourself.org എന്ന വിലാസത്തിൽ ലഭ്യമാണ്.

ജീകോമ്പ്രി

കൊച്ചു കുട്ടികൾക്കായി ഫ്രീ സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു ആപ്പ് ആണ് ജീകോമ്പ്രി (GCompris). തിമോത്തീ ഗെറ്റ് (Thimothee Get) എന്ന പ്രോഗ്രാമർ ലിനക്സിനു വേണ്ടി സൃഷ്ടിച്ച ഈ പ്രോഗ്രാം ഇന്ന് എല്ലാത്തരം കമ്പ്യൂട്ടറുകളും, ടാബ്ലറ്റുകളും, മൊബൈൽ ഫോണുകളും സപ്പോർട്ട് ചെയ്യും. രണ്ട് വയസ്സു മുതൽ പത്ത് വയസ്സു വരെയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ, ഗണിതം, ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങി നിർവധി കാര്യങ്ങൾ കളികളിലൂടെയും മറ്റും പരിചയപ്പെടാൻ സഹായിക്കുന്ന ജീകോമ്പ്രി http://gcompris.net എന്ന സൈറ്റിൽ നിന്നോ, പ്ലേസ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

സ്ക്രാച്ച്

എട്ട് മുതൽ പതിനാറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്വന്തമായി കഥകളും, കളികളും, ആനിമേഷനുകളുമൊക്കെ സൃഷ്ടിക്കാൻ അവസരം നൽകുന്ന ഒരു പ്രോഗ്രാമാണ് സ്ക്രാച്ച് (Scratch). ഡീജെമാർ (Disc Jockey) ഡിസ്കുകൾ ഉപയോഗിച്ച് വ്യത്യസ്ത സംഗീതം സൃഷ്ടിക്കുന്നതിനെ മാതൃകയാക്കി എംഐടി മീഡിയ ലാബ് (MIT Media Lab) വികസിപ്പിച്ച സ്ക്രാച്ച് കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമാണ്. കുട്ടികളിലെ ഭാവന ഉണർത്തുന്നതിനൊപ്പം പങ്ക് വയ്ക്കുന്നതിനും, സൃഷ്ടിപരമായ കൂട്ടായ്മകളുടെ ഭാഗമാകാനും സ്ക്രാച്ച് അവസരം നൽകുന്നു. സംഗീതവും, സാഹിത്യവും, ശാസ്ത്രവുമൊക്കെ അടങ്ങുന്ന പ്രോജക്റ്റുകൾ സ്ക്രാച്ച് ഉപയോഗിച്ച് സൃഷ്ടിക്കാം. പ്രോഗ്രാമിങ്ങിന്റെ ബാല പാഠങ്ങൾ മനസ്സിലാക്കാനും സ്ക്രാച്ച് സഹായിക്കും. scratch.mit.edu എന്ന വിലാസത്തിൽ നിന്ന് ഇത് സൗജന്യമായി ലഭ്യമാണ്. അല്ലാത്തതിനാൽ സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവടങ്ങളിലൊക്കെ കമ്പ്യൂട്ടറുകളിൽ ലഭ്യമാക്കിയാൻ ഒരു മികച്ച പഠന മാദ്ധ്യമായിരിക്കും ഇതെന്നതിൽ സംശയമില്ല. ചെറിയ കുട്ടികൾക്കായി സ്ക്രാച്ച് ജൂനിയർ (Scratch Jr.) എന്ന ആപ്പ് ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിലും, ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

സ്ക്രാച്ച് അധിഷ്ഠിതമായി രൂപകല്പന ചെയ്ത സ്നാപ്പ് (Snap) എന്ന ആപ്പ് https://snap.berkeley.edu എന്ന വിലാസത്തിൽ ലഭ്യമാണ്. അതിലും മനോഹരമായ രീതിയിൽ സ്ക്രാച്ച് തത്വങ്ങൾ സ്വീകരിച്ച് നിർമ്മിച്ച വേറൊരു ആപ്പാണ് ടിങ്കർ (Tynker). https://www.tynker.com എന്ന വിലാസത്തിൽ ലഭ്യമായ ഇത് മനോഹരമായ ത്രിമാന രൂപങ്ങൾ ചേർത്ത് വച്ച് ആനിമേഷനുകളുടെ സഹായത്താൽ പ്രോഗ്രാമിങ് തത്വങ്ങൾ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.

ആലീസ്

കാർണഗി മെല്ലൺ സർവകലാശാല കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിക്കാനായി വികസിപ്പിച്ച ഒരു പ്രോഗ്രാമിങ്ങ് ഭാഷയാണ് ആലീസ് (Alice). കഥ പറയുന്ന ആലീസ് (Storytelling Alice) എന്നും അറിയപ്പെടുന്ന ആലീസിന്റെ ഏറ്റവും പുതിയ രൂപം ആലീസ് 3 ആണ്. ശരിക്കും നിങ്ങളുടെ ബാല്യകാല സ്വപ്നങ്ങളെങ്ങിനെ യാഥാർത്ഥ്യമാക്കുമെന്ന (Really Achieving Your Childhood Dreams) പേരിൽ തന്റെ അവസാനത്തെ പ്രഭാഷണം നടത്തിയ റാൻഡി പൗഷും (Randy Pausch) സംഘവും ആണ് ആലീസിന്റെ ഉപഞ്ജാതാക്കൾ. മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്ത് വയ്ക്കാവുന്ന ത്രിമാന രൂപങ്ങൾ ഉപയോഗിച്ച് ആനിമേഷനുകൾ സൃഷ്ടിക്കാവുന്ന ഒരു പ്ലാറ്റ്ഫോം ആണ് ആലീസ്. കുട്ടികൾക്ക് അവർ സൃഷ്ടിക്കുന്ന പ്രോഗ്രാമിന്റെ ലോജിക് ജാവയിലേക്ക് മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്. ഒരു പ്രോഗ്രാമിങ് പരിചയവുമില്ലാത്തവർക്കും ഉപയോഗിക്കാവുന്ന ആലീസ് ww.alice.org എന്ന വിലാസത്തിൽ നിന്ന് വിൻഡോസ്, ലിനക്സ്, മാക് വേർഷനുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ടിങ്കർ

സ്ക്രാച്ച് അധിഷ്ഠിതമായ ഒരു പഠനാവസരമൊരുക്കുന്ന ഒരു കൊമേഴ്സ്യൽ പ്ലാറ്റ്ഫോമാണ് ടിങ്കർ (tynker.com). കുട്ടികളെ പ്രോഗ്രാമുകളും ഗെയിമുകളും ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോം കമ്പ്യൂട്ടർ ബ്രൗസറുകളിലും, സ്മാർട്ട്ഫോൺ, ടാബ്ളറ്റ് എന്നിവകളിലും ഉപയോഗിക്കാം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഈ പ്ലാറ്റ്ഫോം ഒരു ഓൺലൈൻ പ്രോഡക്ട് ആണെന്ന കാര്യം മറക്കരുത്.

എംഐടി ആപ്പ് ഇൻവെന്റർ

നിരവധി ആപ്പുകളും മറ്റും കണ്ട് ഒരെണ്ണം സ്വയം നിർമ്മിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ അതിന് സഹായിക്കുന്നതാണ് http://appinventor.mit.edu എന്ന വിലാസത്തിൽ ലഭ്യമായ ആപ്പ് ഇൻവെന്റർ (MIT App Inventor). കുട്ടികളടക്കം ആർക്കും സ്മാർട്ട്ഫോൺ, ടാബ്ലറ്റുകൾ എന്നിവക്കൊക്കെ പറ്റിയ ആപ്പുകൾ വെറും അര മണിക്കൂർ കൊണ്ട് നിർമ്മിച്ച് തുടങ്ങാമെന്നും, 195 രാജ്യങ്ങളിലായി നാല് ലക്ഷത്തോളം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ആപ്പ് ഇൻവെന്റർ ടീം പറയുന്നു. വളരെ വിശദമായ ടൂട്ടോറിയലുകളും, വീഡിയോ ക്ലാസ്സുകളുമൊക്കെ ഇതിൽ ലഭ്യമാണ്.

ഭാഷാപഠനത്തിന്

മൊബൈൽ, ടാബ്ലറ്റ് ആപ്പായ ഡുവൊലിംഗോ (Duolingo) വളരെ വേഗത്തിൽ ലോകഭാഷകളിൽ പ്രാവീണ്യം നേടാനും പരിശീലിക്കാനും കുട്ടികളെയും മുതിർന്നവരെയും സഹായിക്കുന്നു. ഇംഗ്ലീഷറിയാവുന്ന ഒരാൾക്ക് ഏതാണ്ട് മുപ്പതോളം ലോകഭാഷകൾ പഠിക്കാൻ ഇത് ഉപയോഗിക്കാം. എല്ലാ പ്ലാറ്റ്ഫോമുകളിലും സൗജന്യമായി ലഭ്യമായ ഈ ആപ്പിന് പണം നൽകിയാൽ പരസ്യങ്ങൾ ഒഴിവാക്കാം. ഡൗൺലോഡ് ചെയ്യാൻ https://www.duolingo.com അല്ലെങ്കിൽ മൊബൈൽ ആപ്പ് സ്റ്റോറുകളെ ആശ്രയിക്കാം. ലോകത്തെമ്പാടുമായി അഞ്ച് കോടിയോളം ആളുകൾ ഭാഷാ പഠനത്തിനായി ഉപയോഗിക്കുന്ന ഡുവോലിംഗോ സ്കൂളുകൾക്കായി https://schools.duolingo.com എന്ന ഒരു വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്.

വൊകബുലറി പഠിക്കാൻ മികച്ചതായ മെംരൈസ് (https://www.memrise.com), അതിവേഗം പുതിയ ഭാഷകൾ പഠിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ലിങ്വാലിഫ്റ്റ് (https://www.lingualift.com) എന്നിവയും വളരെ പ്രചാരമുള്ള ആപ്പുകളാണ്. ഇതൊന്നുമില്ലെങ്കിലും നിരവധി യൂടൂബ് ചാനലുകളും ഭാഷാപഠനത്തെ സഹായിക്കും. Easy Languages, Babbel, Sleep Learning ഒക്കെ ഉദാഹരണങ്ങളാണ്.

ഗൂഗിൾ സയൻസ് ജേർണൽ

പോക്കറ്റിലിടാവുന്ന ഒരു ശാസ്ത്ര പരീക്ഷണ സഹായിയായി നിങ്ങളുടെ സ്മാർട്ട് ഫോണിനെ മാറ്റാൻ സഹായിക്കുന്ന ഗൂഗിളിന്റെ ആപ്പാണ് സയൻസ് ജേർണൽ (Science Journal). ശാസ്ത്ര പരീക്ഷണങ്ങളും, പ്രോജക്ടുകളും ആസൂത്രണം ചെയ്യുക, ശബ്ദമടക്കമുള്ള നിരീക്ഷണങ്ങൾ ശേഖരിക്കുക, അവയുടെ പുരോഗതി വിലയിരുത്താനാവശ്യമായ ചിത്രങ്ങളും നോട്ടുകളുമൊക്കെ സൂക്ഷിക്കാനും ഇത് സഹായിക്കും. പരീക്ഷിച്ച് നോക്കാനായി വിദഗ്ദർ തയ്യാറാക്കിയ നിരവധി ആക്ടിവിറ്റികൾ സൗജന്യമായി ഇതിൽ ലഭ്യമാണ്. മൊബൈൽ ഫോണിലെ ക്യാമറ, മൈക്, ആക്സിലറോമീറ്റർ, കോമ്പസ്സ് തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് പ്രകാശം, ശബ്ദം, ദിശ തുടങ്ങി നിരവധി വിവരങ്ങൾ അളന്ന് സൂക്ഷിക്കാൻ സഹായിക്കുന്ന ഈ ആപ്പ് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒഴിച്ച് കൂട്ടാനാവത്തതാണ്. ആൻഡ്രോയ്ഡിലും, ഐഓഎസിലും ലഭ്യമാണ്.

ക്യൂരിയോസിറ്റി

വിജ്ഞാന ലോകത്ത് അനവധിയായി വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ പരതാനും, വായിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഉപയോഗിക്കാവുന്ന ആപ്പാണ് ക്യൂരിയോസിറ്റി (Curiosity). ശാസ്ത്രം, ജ്യോതിശാസ്ത്രം, സൈക്കോളജി തുടങ്ങിയ മേഖലകളിലെ പുത്തൻ അറിവുകളെക്കുറിച്ച് വായിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഉപയോഗിക്കാം. നമ്മുടെ താല്പര്യമനുസരിച്ച് ഇതിൽ വാർത്തകൾ സ്വീകരിക്കാനായി സെറ്റ് ചെയ്യാം.

പീരിയോഡിക് ടേബിൾ

റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി പുറത്തിറക്കുന്ന പീരിയോഡിക് ടേബിൾ (Periodic Table) ആപ്പ് മൂലകങ്ങളേക്കുറിച്ചറിയാനുള്ള വീഡിയോകളും പോഡ്കാസ്റ്റുകളും കൊണ്ട് സമ്പന്നമാണ്. ഏത് നിലയിലുള്ള രസതന്ത്ര വിദ്യാർത്ഥികൾക്കും അനുയോജ്യമായ വിധത്തിലുള്ള വിവരങ്ങൾ നൽകാൻ ഈ കെല്പുള്ള രീതിയിലാണ് ഇതിന്റെ നിർമ്മാണം.

എവർനോട്ട്

ക്ലാസ്സുകളുടെയും പ്രഭാഷണങ്ങളുടെയും ശബ്ദം റെക്കോർഡ് ചെയ്യുക, നോട്ടുകൾ കുറിക്കുക, ചിത്രങ്ങൾ സൂക്ഷിക്കുക, ചെയ്യാനുള്ള കാര്യങ്ങളുടെ കുറിപ്പടികൾ സൃഷ്ടിക്കുക എന്നിങ്ങനെ പലവക കാര്യങ്ങൾക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് എവർനോട്ട് (Evernote). മൊബൈൽ, ടാബ്ലറ്റ്, കമ്പ്യൂട്ടർ എന്നിവയിലെല്ലാം ഇൻസ്റ്റാൾ ചെയ്യാവുന്ന ഇത് ഒരേ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ സൂക്ഷിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റ് വഴി എല്ലാ ഉപകരണത്തിലും ലഭ്യമാക്കാനാവും.

റ്റെഡ്

റ്റെഡ് പ്രഭാഷണങ്ങൾ (TED Talks) വിവിധ വിഷയങ്ങളിൽ ആശയ സമ്പുഷ്ടത കൊണ്ടും, ഭാവി പ്രവചനങ്ങൾ കൊണ്ടും ലോക പ്രശസ്തമാണ്. വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളെ ഒന്നിച്ച് കൊണ്ട് വരുന്ന ഈ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കപ്പെടുന്ന പ്രഭാഷണങ്ങൾ ഈ ആപ്പ് വഴി സൗജന്യമായി കാണാം.

ഇവയിലൊതുങ്ങുന്നില്ല ലേണിങ് ആപ്പുകളുടെ ലോകം. അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ വാർത്തകളും വിശേഷങ്ങളും ടാബ്ലറ്റുകളിൽ ലഭ്യമാക്കുന്ന സയൻസ്360 (Science360), പ്രപഞ്ച വിശേഷങ്ങൾ ലഭ്യമാക്കുന്ന നാസ വിഷ്വലൈസേഷൻ എക്പ്ലോറർ (NASA Visualization Explorer), ആർക്കും സൗജന്യമായി കോഡിങ് പഠിക്കാൻ സഹായിക്കുന്ന കോഡ് അക്കാഡമി (https://www.codecademy.com), എന്നിങ്ങനെ നിരവധി പ്രയോജനകരമായ ആപ്പുകൾ ലഭ്യമാണ്. ആധുനിക സാങ്കേതികവിദ്യ സമയം കളയാനുള്ള ഒരു ഉപാധിയെന്നതിനപ്പുറം വിജ്ഞാന സമ്പാദനത്തിനുപയോഗിക്കാൻ ഇവ സഹായിക്കും. കുട്ടികൾ ഇതെങ്ങിനെ പഠിച്ചെടുക്കുമെന്നോർത്ത് ആശങ്ക വേണ്ടേ വേണ്ട. കമ്പ്യൂട്ടറിലോ മൊബൈൽ ഉപകരണങ്ങളിലോ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് കൊടുത്താൽ മതി ബാക്കി കാര്യം കുട്ടികൾ നോക്കിക്കൊള്ളും! എങ്കിലും, അദ്ധ്യാപകരുടെയോ മുതിർന്നവരുടെയോ പ്രോത്സാഹനവും മേൽനോട്ടവും ഉണ്ടെങ്കിലേ ഇവയിലും പഠന പുരോഗതിയുണ്ടാക്കാൻ കുട്ടികൾക്കാവൂ എന്ന് ഓർമിക്കേണ്ടതുണ്ട്.

കടപ്പാട്: കമ്പ്യൂട്ടർ പ്രോഗ്രാമിങ് സംബന്ധിച്ച ആപ്പുകളുടെ വിവരങ്ങൾ പങ്ക് വച്ചതിന് ഡോ. സുനിൽ തോമസ് തോണിക്കുഴിയോടും, പൊതുവായ വിവരങ്ങൾക്ക് കിരൺ ജോണിയോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു.

Comments