പരിണാമസംബന്ധിയായ ജീവശാസ്ത്രവും കോവിഡ് മഹാമാരിയും

by Jijo P Ulahannan — on

cover-image

ആൾക്കുരങ്ങുകളിൽ മനുഷ്യ സമാനമായ ഏഴ് സ്പീഷീസുകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ അവശേഷിക്കുന്നത് നാലെണ്ണമാണ് – ഗോറില്ലകൾ, ഒറാങ്ങൂട്ടാൻ, ചിമ്പാൻസികൾ, ശാന്ത സ്വഭാവികളായ ബൊനോബോകൾ (Bonobo). കോംഗോയിലെ ഉൾക്കാടുകളിൽ കാണപ്പെടുന്ന ബൊനോബൊ കുരങ്ങുകളിലെ സാമൂഹിക സ്വഭാവ വിശേഷങ്ങളുടെ പഠനങ്ങളിലൂടെ ലോകപ്രശസ്തയായ ഒരു പ്രൈമറ്റോളജിസ്റ്റ് (primatologist) ആണ് ഇസബെൽ ബെഹ്ങ്കെ (Isabel Behncke). ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും, വന്യജീവി സംരക്ഷണത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഇസബെൽ കേംബ്രിഡ്ജിൽ നിന്ന് മനുഷ്യ പരിണാമത്തിൽ (human evolution) എംഫിലും, പരിണാമസംബന്ധിയായ ആന്ത്രപോളജിയിൽ (evolutionary anthropology) ഗവേഷണ ബിരുദവും നേടി. ചിലിയിലെ സാമൂഹിക സങ്കീർണതകളെക്കുറിച്ച് ഗവേഷണം നടത്തുന്ന കേന്ദ്രത്തിലെ അംഗവും, ഓക്സ്ഫഡ് സർവ്വകലാശാലയിലെ മുൻ ഗവേഷകയുമാണ് ഇസബെൽ.

വൈറസുകൾ സങ്കീർണ്ണത കുറഞ്ഞ ജീവന്റെ കണികകളാണ് – അവയ്ക്ക് പെറ്റുപെരുകാൻ മനുഷ്യരുടേത് പോലുള്ള അതിഥി കോശങ്ങൾ ആവശ്യമാണ്. മനുഷ്യന്റെ പല സ്വഭാവ വിശേഷതകൾ പരിണാമം വഴി വന്നത് പോലെ, നിലനിൽപ്പിനായി വൈറസുകളും മാറിക്കൊണ്ടിരിക്കും (Mutate) എന്ന് ഇസബെൽ ചൂണ്ടിക്കാണിക്കുന്നു. ജൈവലോകം ഒരു വൈറസിനെതിരെ പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ അതിനെ മറികടക്കാൻ വൈറസും മാറിക്കൊണ്ടിരിക്കും. എയിഡ്സ് വൈറസ് മാറുന്നത്ര വേഗത്തിൽ മാറുന്നവയല്ല കൊറോണ വൈറസെന്നത് ആശ്വാസകരമാണെങ്കിലും അതിനേക്കാൾ വേഗത്തിൽ പരക്കുന്നതെന്ന ഭീഷണിയാണ് നാമിപ്പോൾ നേരിടുന്നത്. മഹാമാരികളുടെ (Pandemic) പിന്നിലുള്ള കാരണങ്ങളും, അവയെ നമുക്കെങ്ങിനെ നേരിടാമെന്നും മനസ്സിലാക്കാൻ പരിണാമസംബന്ധിയായ ജീവശാസ്ത്രം (Evolutionary Biology) നമ്മെ സഹായിക്കുമെന്ന് ഇസബെൽ പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാനായി നാം സഹിക്കേണ്ടി വരുന്ന ത്യാഗങ്ങളെ യുക്തിപരമായി മനസ്സിലാക്കാനും, അവയെപ്പറ്റി വ്യസനിക്കാതിരിക്കാനും ഒരു പരിസ്ഥിതിവാദിയുടെ വീക്ഷണ കോണിലൂടെ വീക്ഷിക്കുന്നത് നന്നയിരിക്കുമെന്ന് ഇസബെൽ പറയുന്നു. ഇസബെല്ലുമായി ഒരു സ്പാനിഷ് പത്രം നടത്തിയ അഭിമുഖത്തിന്റെ പരിഭാഷ ചുവടെ:

സാമൂഹിക പ്രതിഭാസങ്ങൾ എങ്ങിനെയാണ് ഇക്കോളജിയുമായുള്ള ബന്ധങ്ങളിൽ നിന്ന് ഉരുത്തിരിയുന്നതെന്ന് ഏതാനും ദശകങ്ങളായി വിചിന്തനം ചെയ്യുന്ന ഒരാളാണല്ലോ താങ്കൾ. ലോകം റോബോട്ടുകളെക്കുറിച്ച് ചിന്തിക്കുന്ന ഇക്കാലത്ത് ഒരു വൈറസ് ലോകത്തെ മുഴുവൻ നിശ്ചലമാക്കുന്ന ഒരവസ്ഥയേക്കുറിച്ച് താങ്കൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ?

തീർച്ചയായും. ഇരുപത് വർഷം മുന്നെ നടന്ന നിരവധി പഠനങ്ങളെയും, സംഭാഷണങ്ങളെയും പറ്റി ഇത് എന്നെ ഓർമ്മിപ്പിക്കുന്നു എന്നത് തികച്ചും ആശ്ചര്യകരമാണെന്ന് മാത്രവുമല്ല, അതെല്ലാം ഇപ്പോൾ നടന്നത് പോലെ എനിക്കോർക്കാനും കഴിയുന്നുണ്ട്.: “ഞങ്ങൾ ഇതിനെപ്പറ്റി, ദാ ഇപ്പോ, സംസാരിച്ചതല്ലേയുള്ളൂ,” എന്ന മട്ടിൽ. മനുഷ്യർക്കുണ്ടാവുന്ന ജന്തുജന്യ രോഗങ്ങളേപ്പറ്റി (zoonosis) ഇപ്പോൾ നടക്കുന്ന ചർച്ചകൾ - വൈറസ് ഒരു വവ്വാലിൽ നിന്നാണോ അതോ ഉറുമ്പ് തീനിയിൽ (pangolin) നിന്നാണോ വന്നത്, വുഹാനിലുള്ളത് പോലെ വന്യമൃഗങ്ങളുടെ മാംസം വിൽക്കുന്ന ചന്തകൾ ഉണ്ടാവാൻ പാടില്ല - എന്നിങ്ങനെയുള്ളവയെല്ലാം ജൈവവൈവിധ്യത്തിന്റെ ഉപഭോഗത്തേയും, പരിസ്ഥിതിയുടെ ആരോഗ്യത്തെയും പറ്റി കുറെക്കാലമായി നിലനിൽക്കുന്ന മുന്നറിയിപ്പുകളുമായി ചേർത്ത് വായിക്കേണ്ടതുണ്ട്. പ്രകൃതിയിലുള്ള ആവാസവ്യവസ്ഥകൾ (habitats) നാം തകർക്കുന്നത് തുടർന്നു കൊണ്ടേയിരുന്നാൽ കൂടുതൽ ജീവികൾ ഭാവിയിലെ ജന്തുജന്യ രോഗങ്ങളുടെ വാഹകരാകാൻ കാരണമാകും. ഇപ്പോഴത്തെ മഹാമാരി തീർച്ചയായും അവസാനത്തേതാവില്ല.

പക്ഷേ താങ്കളെപ്പോലെയുള്ള ശാസ്ത്രജ്ഞരുടെ പഠന മേഖലയായ പ്രൈമറ്റോളജി, പൊതുവെ നരവംശശാസ്ത്ര പഠനങ്ങൾക്കൊപ്പമല്ലല്ലോ പൊതുവെ കണക്കാക്കുന്നത്.

ഇക്കോളജിയാാണ് ഞാൻ പഠിച്ച് തുടങ്ങിയത്, പിന്നീടത് വിട്ട് കുരങ്ങുകളെപ്പറ്റി പഠിക്കാൻ പോയതിന്റെ വ്യക്തമായ കാരണം നാം യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്ര മാത്രം അകന്നാണ് നിൽക്കുന്നതെന്ന തിരിച്ചറിവിലുണ്ടായ ഒരു നിരാശയാണ്. തൊണ്ണൂറുകളൂടെ അവസാനം റോബർട് കൊൺസ്റ്റാൻസയേപ്പോലുള്ളവർ (Robert Constanza) ഓജസ്സുള്ള ഒരു ആവാസവ്യവസ്ഥ (Natural Habitat) നൽകുന്ന സേവനങ്ങൾ നമുക്ക് മനസ്സിലാവുന്നില്ല എന്നതിന്റെ മുന്നറിയിപ്പുകൾ നൽകുന്നുണ്ടായിരുന്നു. “സയൻസ്” മാസികയിൽ പ്രസിദ്ധീകരിച്ച വളരെ പ്രസിദ്ധമായ ഒരു പ്രബന്ധത്തിൽ ഇത്തരം സേവനങ്ങളുടെ സാമ്പത്തിക മൂല്യം അവർ കണക്കാക്കി – “എല്ലാവരും സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഭാഷ സംസാരിക്കുന്നതിനാൽ നമുക്ക് പ്രകൃതിയെ അത്യാവശ്യ സേവനങ്ങൾ നൽകുന്ന ഒരു വാണിജ്യ മേഖലയായി കണക്കാക്കാം, അത് വഴിയെങ്കിലും മനുഷ്യനതിന് പരിഗണന നൽകുമെങ്കിൽ.” വെള്ളവും വൈദ്യുതിയുമൊക്കെ എല്ലാവർക്കും മനസ്സിലാവുന്ന കാര്യങ്ങളും അവയ്ക്ക് മൂല്യമുണ്ടെന്നുമറിയാമല്ലോ? അങ്ങിനെയാണെങ്കിൽ പ്രകൃതി നൽകുന്ന സേവനങ്ങളുടെ മൂല്യം അവർ കണക്കാക്കി, ഉദാഹരണമായി, വന സമ്പത്ത്, ജല ശുദ്ധീകരണം, കാർബൺ ഡയോക്സൈഡിന്റെ ആഗിരണം, ഇത്യാദി. ഇവയെല്ലാം ഒരു വന്യമൃഗത്തിന്റെ മാംസം, വനത്തിൽ നിന്നുള്ള മരം എന്നിവയേക്കാളുമൊക്കെ മൂല്യമേറിയതാണ്.

ആവാസവ്യവസ്ഥകൾ, സ്വയമേവ നമുക്കും ആയിരക്കണക്കിന് മാരക രോഗങ്ങൾക്കും ഇടയിലുള്ള ഒരു രക്ഷാകവചമായി പ്രവർത്തിച്ച്, നമ്മളെ രക്ഷിക്കുന്നു എന്ന തരത്തിൽ നിരവധി പ്രബന്ധങ്ങൾ ഇപ്പോൾ വരുന്നുണ്ടല്ലോ?

ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഈ രക്ഷാകവചം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാത്തതിന്റെ വിലയാണ് നമുക്കിപ്പോൾ കൊടുക്കേണ്ടി വരുന്നത്. ഒരു പക്ഷേ നമ്മൾ മറ്റു ജീവികൾക്കൊപ്പം ഒരു ജൈവ ചക്രത്തിന്റെ ഭാഗമാണെന്ന് നമുക്കിപ്പോൾ തോന്നാറില്ല. ഹരാരി (Yuval Noah Harari) തന്റെ പുസ്തകത്തിന്റെ തലക്കെട്ടിൽ (Homo Deus) പറയുന്നത് പോലെ, മനുഷ്യർ മൃഗങ്ങളിൽ നിന്ന് ദൈവങ്ങളായി മാറുന്നതാണ് സ്വയം കണ്ടുകൊണ്ടിരിക്കുന്നത്. ചൊവ്വയെപ്പറ്റിയൊക്കെ ചിന്തിച്ച് കൊണ്ട് ഇവിടം വിടുന്നതായി നമ്മൾ മുൻപേ തന്നെ പദ്ധതിയിട്ട് കഴിഞ്ഞു. ഒരു തരത്തിൽ നമ്മുടെ സ്വന്തം ഗേഹത്തോട് നമുക്ക് ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു നിസ്സാര വൈറസിന് ഏതാനും ആഴ്ച്ചകൾ കൊണ്ട് പ്രകൃതിയെ നമുക്ക് തിരികെ തരാൻ കഴിയുമെന്നത് അവിശ്വസനീയമാണ്. ലക്ഷം കോടി ഡോളറൊക്കെ പ്രതിരോധ സംവിധാനങ്ങൾക്കായി ചിലവഴിച്ച നമ്മെ, ഒരു ആർഎൻഎ (RNA) ചുരുളിന് മുട്ടിൽ നിർത്താനായി. ഇത് നമ്മുടെ മുഖമടച്ച് ഒരു അടി തന്നു കൊണ്ട് പറയുകയാണ്: “നിന്നെ ഞാൻ ഓർമ്മിപ്പിക്കട്ടെ, നിന്നെ മാംസവും, എല്ലുകളും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അല്ലെങ്കിൽ നിന്നെ ഗ്രീക്കുകാരുടെ അടുത്തേക്കയക്കട്ടെ: ഒരു നിമിഷം നിൽക്കൂ, നീ ദൈവമൊന്നുമല്ല, വേണമെങ്കിൽ നിനക്കൊരു അർദ്ധ-ദൈവമാകാം.” എന്നിരിക്കിലും നമ്മൾ വലിയ കാര്യങ്ങൾ നേടിയിട്ടുണ്ട്, നമ്മുടെ നേട്ടങ്ങളെ തമസ്ക്കരിക്കാതിരിക്കാം. പക്ഷെ നമുക്ക് മൃഗങ്ങളായി തുടരാം, അതിനായി, നമുക്ക് വൈറസടക്കമുള്ള ജീവജാലങ്ങളോടൊപ്പം പരിണമിക്കാം! വൈറസും മനുഷ്യനും തമ്മിലുള്ള ഈ നൃത്തം വളരെ പഴയതാണ്. രസകരമായ കാര്യമെന്തെന്ന് വച്ചാൽ, പരിണാമ സംബന്ധിയായ ജീവശാസ്ത്രത്തിന് ഇക്കാര്യത്തിൽ മാത്രമല്ല നമ്മൾ ഈ മഹാമാരിയോട് നേരിടാനായി ആചരിക്കുന്ന സാമൂഹിക സ്വഭാവങ്ങളേക്കുറിച്ചും വെളിച്ചം വീശാൻ കഴിയും.

ഉദാഹരണത്തിന്?

ഒരു പ്രധിസന്ധി ഘട്ടത്തിൽ സ്വയം ഒറ്റപ്പെടുത്തുക എന്നത് മനുഷ്യ വംശത്തെ സംബന്ധിച്ച് വളരെ ദുഷ്ക്കരമാണ്. നമ്മൾ സാമൂഹിക ജീവികളാണ്, നമ്മുടെ നിലനില്പ് തന്നെ ഏറ്റവുമധികം കൂട്ടമായി നിൽക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

അത് കൊണ്ടായിരിക്കും നമുക്ക് ഒന്നിക്കാനുള്ള ഏക മാർഗ്ഗം ഒറ്റപ്പെടലാണെന്ന കാര്യം ഒരു ജാള്യതയായി അനുഭവപ്പെടുന്നത്.

അവിടെയാണ് ഏറ്റവും വലിയ വിരോധാഭാസം കുടികൊള്ളുന്നത്: വൈറസിൽ നിന്ന് രക്ഷപ്പെടാൻ ചെയ്യേണ്ട കാര്യത്തിന്റെ നേരെ വിപരീത കാര്യം ചെയ്യാൻ അത് നമ്മളെ നിർബന്ധിക്കുന്നു. അത്തരത്തിൽ നോക്കിയാൽ ഈ വൈറസ് സമർത്ഥമായ ഒന്നാണെന്ന് കാണാം. ഇതിനേക്കാൾ മാരകമായിരുന്ന ഇബോള വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് കോംഗോയിൽ ജീവിച്ചയാളാണ് ഞാൻ. ആ രോഗം വ്യാപിക്കുന്ന രീതി വച്ച് ഇത്രയുധികം പകരുന്ന ഒന്നായിരുന്നില്ല. കോവിഡ്-19, അധികം ആളുകളേയോ വളരെ വേഗത്തിലോ കൊല്ലുന്നില്ലെങ്കിലും, നമ്മുടെ സാമൂഹിക സ്വഭാവങ്ങളെ വളരെയധികം മുതലെടുക്കുന്നു. അത് കരുതുന്നുണ്ടാവും: “ഈ ജീവികൾ 14 ദിവസത്തേക്ക് മറ്റുള്ളവരുമായി ഇടപഴകാൻ കഴിയാത്തവരാണ്, അവർക്ക് സമ്പർക്കത്തിലേർപ്പെട്ടേ പറ്റൂ, അതിനാൽ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ അവരെനിക്കവസരം ഒരുക്കിത്തരുന്നത് വരെ ഞാൻ വളരെ കൂളായി ഇരുന്നേക്കാം.” ചുരുക്കത്തിൽ ഈ വൈറസ് വളരെ മികച്ചൊരു തന്ത്രശാലിയാണ്. ഇവലൂഷണരി ബയോളജി മനസ്സിലാക്കിത്തരുന്ന മറ്റൊരു കാര്യം സമ്പർക്ക ശൃംഖല വഴിയുള്ള പകർച്ചയാണ്. ജീവന്റെ പകർച്ച മാത്രമല്ല, ആശയങ്ങൾ, മനോവികാരങ്ങൾ എന്നിങ്ങനെയുള്ളവയുടെയും. ഉദാഹരണത്തിന്, ഭീതി അങ്ങിനെ പകരുന്ന ഒന്നാണ്.

നമ്മൾ എത്രമാത്രം മനുഷ്യവർഗ്ഗമാണെന്ന (sapiens) കാര്യത്തിന്റെ ഒരു പരീക്ഷണമാണ്, യുക്തിയും ഭീതിയും തമ്മിലുള്ള മത്സരം നടക്കുന്ന ഈ സാഹചര്യമെന്ന് താങ്കൾക്ക് പറയാനാവുമോ?

വികാരങ്ങളും യുക്തിയും തമ്മിൽ ഇഴപിരിക്കുക എന്നത് വളരെ ഗുണകരമായ ഒന്നല്ല, കാരണം സാപിയൻസ് ആവുകയെന്നാൽ വികാരങ്ങൾ കൂടി ഉണ്ടാവുക എന്നതാണ്. നമുക്കിവയെ രണ്ടായി വേർതിരിക്കാനാവില്ല. ഭീതിക്കടിപ്പെടരുതെന്ന് നമുക്ക് എടുത്ത് പറയാം, കാരണം അത് നമ്മളെ യുക്തിപരമായി ബന്ധനത്തിലാക്കുകവഴി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഭീതിക്ക് നമ്മുടെ ചരിത്രത്തിലുള്ള സ്ഥാനം മനസ്സിലാക്കുന്നത് എന്താണിപ്പോൾ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ഭീതി നിലനിൽക്കുന്നത് അത് ഉപകാരപ്രദമായത് കൊണ്ടാണ്. പകർച്ചവ്യാധി, രോഗം സംക്രമണ സാദ്ധ്യത എന്നിവയോടുള്ള ഭീതി നമ്മുടെ പൈതൃകമായ പേടികളിലൊന്നാണ്. നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ, ഒരു പരിധി വരെ, നമ്മുടെ പൂർവ്വികർ എപ്പൊഴോ വളരെ രോഗാതുരമായ ആരെയോ ഒരാളെ കണ്ടിട്ട്, “അയ്യോ എത്ര ഭീകരമായ അവസ്ഥ,” എന്ന് ആശങ്കപ്പെട്ടത് കൊണ്ടാണ്. അങ്ങിനെയാണ് അവർ കടന്ന് പോയത്.അതായത്, കൊറോണാ വൈറസ് നമ്മളെ യുക്തിക്കും അപ്പുറം പേടിപ്പെടുത്തുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മൾ അത്രമാത്രം സാപിയൻസ് ആയിരുന്നെങ്കിൽ നമ്മുടെ തലയിലിരുന്നൊരു എക്സൽ ഷീറ്റ് (കമ്പ്യൂട്ടർ ഡാറ്റാ ഷീറ്റ്) നമ്മോട് പറഞ്ഞേനെ ഹൃദയസംബന്ധിയായ രോഗം കൊണ്ടാണ് നമ്മൾ മരിക്കാൻ കൂടുതൽ സാദ്ധ്യത എന്ന്. അപ്പോൾ ഹാംബർഗറുകളേപ്പറ്റിയോർത്ത് (Hamburger) നമ്മൾ പേടിച്ചേനെ. പക്ഷെ നമ്മൾ പൈതൃകമായ പേടികൾ കൊണ്ട് നടക്കുന്നതിനാൽ, നമ്മുടെ പേടികളെല്ലാം കൃത്യമായി അളന്ന് തിട്ടപ്പെടുത്താവുന്നവയല്ല. കാറുകളേക്കാൾ നമ്മൾ വിമാനങ്ങളെ പേടിക്കുന്നു, കണക്കുകൾ വച്ച് ഇത് അസംബന്ധമാണെങ്കിൽ കൂടി. രക്തം, ചിലന്തികൾ, പാമ്പുകൾ എന്നിവയെയൊക്കെ നമ്മൾ കാറുകളേക്കാൾ പേടിക്കുന്നു. അതിനാൽ, ഈ പകർച്ചവ്യാധിയേപ്പറ്റിയുള്ള ഭീതി നമുക്ക് ഒഴിവക്കാനാവാത്ത ഒന്നാണ്. പക്ഷേ നമുക്കതിനേപ്പറ്റി അവബോധമുണ്ടായിരിക്കണം, അതിനെ ചൊൽപ്പടിയിൽ നിർത്തണം, കാരണം അതിനെ അഴിച്ച് വിടുന്നത് അപകടകരമാണ്.

ഏറ്റവും നല്ലതും ചീത്തയും

ശുഭാപ്തിവിശ്വാസികൾ പറയുന്നു അടിയന്തിര ഘട്ടങ്ങൾ സഹകരണ മനോഭാവം വളർത്തുമെന്ന്. ദോഷൈകദൃക്കുകളാവട്ടെ, സത്യത്തിൽ സ്വാർത്ഥത വിജയിക്കുമെന്ന് പറയുന്നു. താങ്കളെന്ത് കരുതുന്നു?

അനുഭവങ്ങൾ, ഏറെക്കുറെ, കാണിക്കുന്നത് ദുരന്തങ്ങളൂടെ സമയത്ത് മനുഷ്യരിൽ ഏറ്റവും മികച്ചതും ഏറ്റവും മോശവുമായ സ്വഭാവങ്ങൾ പുറത്ത് വരുമെന്നാണ്. സഹകരണവും, കലഹവും തമ്മിലുള്ള ഇഴപിരിക്കുന്നത് അല്പം വഴിതെറ്റിക്കുന്ന ഒന്നാണ്. സമൂഹങ്ങൾ പല തരത്തിലുള്ള ഘടനകളിലാണ് പ്രവർത്തിക്കുന്നത് – വ്യക്തി, കുടുംബം, അയൽപ്പക്കം, പണിയിടം, രാജ്യം, ലോക സമൂഹങ്ങൾ, എന്നിങ്ങനെ. പരിസ്ഥിതി വിജ്ഞാനീയർ പ്രകൃതിയിലെ പ്രതിഭാസങ്ങൾ നിരീക്ഷിക്കാനുള്ള പ്രധാന കണ്ണിയായി കരുതുന്നത് ഈ തലങ്ങളിലൊക്കെ സഹകരണവും, കലഹവും ഒരേ സമയം എങ്ങിനെ ഉണ്ടാവുന്നു എന്ന് മനസ്സിലാക്കുന്നത് വഴിയാണ്. നമ്മലോരോരുത്തരും ഒരു ആവാസവ്യവസ്ഥയാണ് – നമ്മുടെ കോശങ്ങളേക്കാളധികം ബാക്ടീരിയകൾ നമ്മൂടെ ശരീരത്തിലുണ്ട്. ഈ ആവാസവ്യവസ്ഥയിൽ നിരവധി സംഘർഷങ്ങൾ നടക്കുന്നുണ്ട്. വലിയ ഭീഷണികളുണ്ടാവുമ്പോൾ വലിയ തട്ടുകളിലുള്ള സഹകരണം വർദ്ധിക്കുന്നു, വലിയ ടീമുകൾ ഒത്ത് ചേർന്ന് പ്രയത്നിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വളരെ കൗതുകകരമായ സഹകരണങ്ങൾ ഉരുത്തിരിയുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്, കൂട്ടായ പരിശ്രമങ്ങളുടെ. ഇതിനു മുന്നെ എപ്പോഴാണ് മനുഷ്യരാശിയൊന്നാകെ, ഒരു കാര്യത്തിനായി, ഭൂരിഭാഗം മനുഷ്യർക്കും ഏറ്റവും പുതിയ (Up to date) വിവരങ്ങൾ ലഭ്യമായ രീതിയിൽ, ഒത്ത് ചേർന്നത്? കലഹങ്ങളും ഇതോടൊപ്പം മുന്നോട്ട് വന്നിട്ടുണ്ട്. രാഷ്ട്രീയപരമായ ഭിന്നതകളും. എനിക്ക് തോന്നുന്നത്, ഇത് സൗഹാർദ്ദപരമായ സംവാദങ്ങൾ നടക്കാനും, സങ്കീർണ്ണമായ ഒരു വ്യവസ്ഥയുടെ പ്രവർത്തനം ഒരു പരിസ്ഥിതി ശാസ്ത്രജ്ഞയുടെ വീക്ഷണ കോണിലൂടെ കാണാനും സഹായിക്കുമെന്നാണ്.

അത് നമ്മെ എങ്ങിനെ സഹായിക്കും?

അപ്പോഴാണ് നമുക്ക് നല്ല പരിഹാരങ്ങൾ നൽകുന്ന രോഗനിർണ്ണയങ്ങൾ പരസ്പരവിരുദ്ധമായ കാര്യങ്ങളിലേക്ക് നയിക്കുന്നവയല്ല എന്ന് മനസ്സിലാക്കാനാവുക. ഇത്തരമൊരു പ്രതിസന്ധിയിൽ നിന്ന് പുറത്ത് വരണമെങ്കിൽ സമൂഹത്തെ നിർമ്മിച്ചിട്ടുള്ള വിവധ തട്ടുകളിൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. അവ നമ്മെ പല തരത്തിലുള്ള ഉത്തരങ്ങളിലേക്കും, വിവിധ ത്യാഗങ്ങളിലേക്കും നയിക്കും.

പലതരം ത്യാഗങ്ങളിലേക്ക്?

ഫിസിഷ്യൻസും, എപിഡെമിയോളജിസ്റ്റുകളും തമ്മിലുള്ള ഒരു ആശയക്കുഴപ്പം നമുക്ക് കാണാൻ സാധിക്കുന്നുണ്ടല്ലോ? ഒരു കൂട്ടർക്ക് ജീവൻ രക്ഷിക്കുക എന്നതാണ് മുഖ്യമെങ്കിൽ, മറ്റേ വിഭാഗം നിയന്ത്രണങ്ങളുടെ സാമൂഹ്യ വശമാണ് പരിചയം.ഇത് വലിയൊരു വിഷയമാണ്. ഇക്കാര്യത്തിൽ നിരവധിയാളുകൾ വഴക്കടിക്കുന്നുണ്ട്. അവരിതിന്റെ ധാർമ്മിക വശങ്ങളെ തൂക്കി നോക്കുകയാണ്. പക്ഷെ പ്രകൃതി നിറയെ തുല്യത നിലനിർത്താനായുള്ള നിരവധി വിട്ടു വീഴ്ച്ചകൾ നിറഞ്ഞതാണ്: ഓരോ ലക്ഷ്യവും നേടാൻ ഒരു വർഗ്ഗം എത്ര മാത്രം ഊർജ്ജം ചെലവഴിക്കുന്നു, അതെത്ര വളരുന്നു, എപ്പോൾ എങ്ങിനെ പ്രത്യുത്പാദനം നടത്തണം, ഒരു കുഞ്ഞിൽ എത്ര മാത്രം ശ്രദ്ധ കൊടുക്കണം, എത്ര മാത്രം റിസ്ക് എടുക്കണം, അങ്ങിനെ, അങ്ങിനെ …. ഇക്കാര്യങ്ങളിലെല്ലാം തീരുമാനങ്ങൾ എടുക്കുന്നത് പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങൾ തമ്മിലുള്ള താരതമ്യം നടത്തിയിട്ടാണ്. നമ്മൾ മനുഷ്യർ, നമ്മുടെ ധാർമ്മിക മൂല്യങ്ങൾക്കനുസൃതമായി തീരുമാനങ്ങളെടുക്കാൻ ശ്രമിക്കുന്നു, പക്ഷേ നമ്മളും പ്രകൃതിയുടെ സുവ്യക്തമായ പരിമിതികളും, അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്തെ സാഹചര്യങ്ങൾ നോക്കിയാൽ, മറ്റുള്ളവർ ധാർമ്മികമായി താഴെത്തട്ടിൽ നിൽക്കുന്നവരെന്ന് കരുതുന്നവർ തമ്മിൽ തർക്കങ്ങളോന്നുമില്ല.

അത് വളരെ ദുഷ്ക്കരമാണല്ലോ.

അതെ. നമ്മൾ ഇപ്പോൾ സഹകരിക്കുന്നതിന്റെ കാരണം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മികച്ച ആളുകൾ ഉരുത്തിരിയുന്നു എന്നത് കൊണ്ടാണെന്ന് സാമൂഹ്യ മനശാസ്ത്രജ്ഞനായ ജൊനാഥൻ ഹൈഡ്റ്റ് (Jonathan Haidt) വിശ്വസിക്കുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ധാർമ്മിക മടുപ്പും, വെറുപ്പുമൊക്കെ സൃഷ്ടിക്കുമെന്ന് കൂടി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൈതൃകമായ ഭീതി പോലെ തന്നെ ഇത്തരം വികാരങ്ങളും നമ്മുടെ പരിണാമസംബന്ധിയായ നാടകങ്ങളൂടെ ആവിഷ്ക്കാരമാണ്. ശാരീരികമായ വെറുപ്പ് നമ്മൾ മലിനതയായി മനസ്സിലാക്കുന്നെങ്കിൽ, മാനസികമായ വെറുപ്പ് നമുക്കിടയിൽ ശണ്ഠകളായി മാറുന്നു. ചില ആളുകൾ പറയുന്നു: “നിങ്ങളൂടെ പെരുമാറ്റം അറപ്പുളവാക്കുന്നു. നിങ്ങൾ സമ്പദ്ഘ്ടനയെ രക്ഷിക്കാൻ നോക്കുന്നു, എന്നാൽ ജീവന് യാതൊരു വിലയും കൊടൂക്കുന്നില്ല.” അതേ പോലെ മറ്റു ചിലർ പറയും: “നിങ്ങൾ രോഗികളെക്കുറിച്ച് ആശങ്കപ്പെടൂന്നു, എന്നാൽ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട ആളുകളേക്കുറിച്ച് യാതൊരു പരിഗണനയും കൊടുക്കിന്നില്ല, എത്ര വെറുപ്പുളവാക്കുന്ന കാര്യം.” ഇത്തരം ബാദ്ധ്യതാ നിരാകരണങ്ങൾ തികച്ചും മാനുഷ്യസഹജമാണ്.

പക്ഷെ, ഇത് ഈ മഹാമാരിയുടെ വിവിധ കഷ്ട-നഷ്ടങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യാൻ സഹായകരമാകുന്നില്ല.

അത് തന്നെയാണ് കാതലായ വിഷയം, കാരണം വൈറസ് ഇത്തരം ചോദ്യങ്ങൾ നമ്മളിൽ ദൃഢപ്പെടുത്തുന്നു. കൂടാത, ലോകം ഈ പ്രതിസന്ധിക്ക് ശേഷം ഇതിന്റെ സങ്കീർണ്ണതകളൂം, അനിശ്ചിതത്വങ്ങളും നേരിടാനായി അധികമായി കൺക്ടഡ് ആയിരിക്കും – സമൂഹത്തിന്റെ വിവിധ അക്ഷങ്ങളിലുള്ള നേട്ടകോട്ടങ്ങൾ തമ്മിലുള്ള തുല്യത എങ്ങിനെയായിരിക്കുമെന്ന് പഠിക്കേണ്ടതും അത്യാവശ്യമാണ്. കോവിഡിന്റെ കാര്യത്തിൽ ആദ്യത്തെ അക്ഷം ആരോഗ്യത്തിന്റേതാണ്: എത്രയാളുകൾ അസുഖ ബാധിതരാവുന്നു, എത്രയാളുകൾ മരണമടയുന്നു. സമ്പദ്ഘടനയാണ് അടുത്തത്: എത്രയാളുകൾക്ക് അവരുടെ ജീവിതനിലവാരത്തിൽ ഇടിവുണ്ടാവുന്നതായി അനുഭവപ്പെടുന്നു, ദാരിദ്ര്യത്തിന്റെ തട്ട് എവിടെ വരെ താഴുന്നു, എത്ര നാളേക്ക് നീളുന്നു എന്നിങ്ങനെ. മൂന്നാമത്തേത് മാനസികാരോഗ്യത്തിന്റേതാണ്, മനുഷ്യന്റെ ക്ലേശങ്ങളൂടെ ശക്തമായ ഒരു ഉറവിടമാണത്. ഏറ്റവും കടന്ന ഒരുദാഹരണം പറഞ്ഞാൽ: പത്ത് ലക്ഷം ജീവനുകൾ രക്ഷിക്കാൻ നൂറു കോടീ ജനങ്ങൾ ഏതാനും ആഴ്ച്ചകൾ അല്പം ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാവുന്ന സാചര്യം നമുക്ക് ഉണ്ടാക്കാമോ? തീർച്ചയായും. പക്ഷെ യഥാർത്ഥത്തിൽ ഇത്രയും കടുത്ത സാഹചര്യം നിലവിലില്ലെങ്കിലും, നമ്മൾ സ്വയം എങ്ങിനെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും, എത്ര ത്യാഗം സഹിക്കും എന്നൊക്കെ തെരഞ്ഞെടുക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. ഏത് തീരുമാനമാണ് ഏറ്റവും കുറച്ച് കഷ്ടപ്പാടുകൾ സൃഷ്ടിക്കുകയെന്ന് പ്രവചിക്കുക വളരെ പ്രയാസമാണെങ്കിലും നമുക്ക് ഇക്കാര്യത്തിലുള്ള വിടവ് നികത്താൻ ശ്രമിക്കാം. ഇതിനായി ഒരോരുത്തരും താന്താങ്ങളുടെ മേഖലകളിൽ ശ്രദ്ധിക്കുന്നതിനേപ്പറ്റിയുള്ള ചർച്ചകൾ നമുക്ക് ഒഴിവാക്കാം.

ആരാണ് യാഥാർത്ഥ്യങ്ങൾ കൂടുതൽ വ്യക്തമായി കാണുന്നതെന്ന ബലാബലം.

തീർച്ചയായും, ഒരു വനത്തിലായിരിക്കുമ്പോൾ “ഞാൻ പക്ഷികളൂടെ ദേശാന്തരം കാണുന്നു,” എന്നോ “ഞാൻ നിരവധി ഇനം വൃക്ഷങ്ങളെ കാണുന്നു,” എന്നോ ഒക്കെ പറയുന്നത് പോലാണിത്. വനത്തെ ആരാണ് കാണുന്നത്? പകർച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന വിദഗ്ദരും, ഡോക്ടർമാരും, സാമ്പത്തിക വിദഗ്ദർ, സാമൂഹ്യ ശാസ്ത്രജ്ഞർ, മന:ശാസ്ത്രജ്ഞർ എന്നിവരോടൊക്കെ സംസാരിക്കുന്ന വിവിധ വിഷയ സമ്മേളനം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തീർച്ചയായും രാഷ്ട്രീയക്കാരും. ഞാൻ വലിയിരു ശുഭാപ്തിവിശ്വാസക്കാരിയാവാം, എന്നിരിക്കലും ഇത്തരം സംഭാഷണങ്ങൾ നമ്മളെ മികച്ച രീതിയിൽ ചിന്തിക്കാനും മറ്റുള്ളവരെ സംശയിക്കുന്നത് കുറയ്ക്കാനും സഹായിക്കും എന്ന് ഞാൻ കരുതുന്നു.

വൈറസ് നമ്മളെ ഏറ്റവും കുറഞ്ഞ ആത്മവിശ്വാസമുള്ള ഒരവസ്ഥയിൽ പിടികൂടി എന്നത് ഒട്ടും ആശാസ്യകരമല്ലല്ലോ, താങ്കൾ കുറെനാളായി സംസാരിക്കുന്ന ഒരു വിഷയമാണല്ലോ അത്.

അതെ, നാലു വർഷം മുൻപ് നടന്ന ഫൂച്വർ കോൺഗ്രസ്സ് സമ്മേളനത്തിൽ, ചിലിയിലെ സമൂഹത്തിലുള്ള ആത്മവിശ്വാസക്കുറവിനെപ്പറ്റി ഞാൻ സംസാരിച്ചതോർക്കുന്നു. അതായത്, അക്കാലത്തതൊരു പ്രധാന വിഷയമായിരുന്നു. അതിന്റെ കൂടെ നവമാധ്യമങ്ങൾ സൃഷ്ടിച്ച ധ്രുവീകരണവും, അതേത്തുടർന്നുണ്ടായ സാമൂഹിക പൊട്ടിത്തെറിയും, ഇപ്പോഴിതാ കോറോണ വൈറസും. ഇത് വളരെ സങ്കീർണ്ണമായ ഒന്നാണ്, കാരണം ആത്മവിശ്വാസം എന്നതാണ് സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനം. ഇതിൽ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട കാര്യമായി ഞാൻ കരുതുന്നത് ആത്മവിശ്വാസത്തിലുള്ള പ്രതിസന്ധികൾ സ്ഥാപനങ്ങളെയും, രാഷ്ട്രീയക്കാരെയും മാത്രമല്ല പ്രായോഗികസിദ്ധമായ ചിന്താ രീതികളേക്കൂടിയാണ്. വിദഗ്ദരായ ആളുകളിലുള്ള അവിശ്വാസക്കുറവ് ഒരു ഫാഷനായി മാറി, ഒരു പക്ഷേ ഗൂഡാലോചനാ സിദ്ധാങ്ങൾ മൂലമോ അതല്ലെങ്കിൽ: വിദഗ്ദർക്ക് എന്ത് വിശ്വാസ്യതയാണുള്ളത്, അവർക്ക് എപ്പോഴാണ് മുൻ നിരയിൽ സീറ്റ് കൊടുക്കേണ്ടത് എന്ന തരത്തിലുള്ള ആഴമേറിയ ചോദ്യങ്ങൾ മൂലമോ. ഇപ്പോൾ നമുക്ക് പക്ഷേ പൊതു ആരോഗ്യ വിദഗ്ദരിൽ ധാരാളം വിശ്വാസമുണ്ടാകേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു, അതുപോലെ ശാസ്ത്രത്തിലും, അനുഭവസിദ്ധമായ ചിന്താരീതികളിലും. അതിനാൽ, നടന്ന കാര്യങ്ങളെല്ലാം ഒന്ന് റീവൈൻഡ് ചെയ്ത് അവിശ്വാസത്തിന് നമ്മൾ കൊടൂത്തിരിക്കുന്ന ഗ്ലാമർ പദവി ഒഴിവാക്കേണ്ടിയിരിക്കുന്നു.

ആത്മവിശ്വാസക്കുറവിലുള്ള പ്രതിസന്ധി തരണം ചെയ്യാൻ കൂടുതൽ സഹാനുഭൂതി ഉണ്ടാവേണ്ടതുണ്ടെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടല്ലോ, താങ്കൾ ബൊനോബോകളെക്കുറിച്ച് നടത്തിയ പഠനത്തിൽ വളരെ ആഴത്തിൽ മനസ്സിലാക്കിയ ഒരു കാര്യം.

അതെ, പക്ഷെ എനിക്ക് തോന്നുന്നു നമ്മൾ തെറ്റായ വാക്കാണ് ഉപയോഗിക്കുന്നതെന്ന്.

എന്ത് കൊണ്ട്?

കാരണം, അതീവമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ലോകം സൃഷ്ടിച്ചിരിക്കുന്ന ഈ ഭയാനക പിരിമുറുക്കം സഹാനുഭൂതി കൊണ്ട് നമ്മൾ പരിഹരിക്കാമെന്ന് കരുതുന്നു. സഹാനുഭൂതി പക്ഷേ മുഖാമുഖ സമ്പർക്കങ്ങൾ വഴി ഉരുത്തിരിഞ്ഞ് വന്നതാണ്, പരസ്പരം അറിയാവുന്ന വ്യക്തികൾക്കിടയിൽ ഉണ്ടായത്. സ്വഭാവവിശേഷതകളും വികാര വിക്ഷോഭങ്ങളും കൈമാറാൻ ഇത് സഹായിക്കും. പരസ്പരം അറിയാത്ത ആളുകളിൽ നിന്ന് സഹാനുഭൂതി ആവശ്യപ്പെടുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. ഒരു പരിധി വരെ നമുക്കത് സാധിച്ചേക്കാം, കാരണം ഒരു വർഗ്ഗമെന്ന നിലയിൽ നമുക്ക് ചിന്തിക്കാൻ കഴിവുണ്ട്, അക്കാര്യത്തിൽ സഹാനുഭൂതി വളരെ പരിമിതമായ ഒരു മാർഗ്ഗമാണ്. കാരണം, ഞാൻ നിങ്ങളുടെ സഹാനുഭൂതി ആവശ്യപ്പെടുമ്പോൾ, ഞാൻ നിങ്ങളോട് എന്നെപ്പോലെ ജീവിക്കാനും, അനുഭവിക്കാനും ആവശ്യപ്പെടുകയാണ്. എന്നാൽ വിവിധ ആവശയങ്ങളൂള്ള വ്യത്യസ്ത ജീവജാലങ്ങൾ ഒത്തിണങ്ങുന്ന ഒന്നിനായി ഒരു ചട്ടക്കൂട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, “നിങ്ങൾ എന്ന് മനസ്സിലാക്കൂ,” എന്നതിനേക്കാൾ “നമ്മുക്ക് ഒരു സമൂഹമെന്ന നിലയിൽ പരസ്പരം മനസ്സിലാക്കാം,” എന്ന രീതിയിലാവണം ഇടപെടേണ്ടത്. ഇത്തരത്തിലുള്ളൊരു വൈകാരിക വിപ്ലവത്തിന്റെ ഇടപാടുകൾ, നമുക്കുള്ള അധികാരങ്ങളും അവകാശങ്ങളും വച്ച് പുലർത്തിക്കൊണ്ട്, ഇന്നത്തേത് പോലുള്ള സങ്കീർണ്ണമായ ഒരു സമൂഹത്തിൽ പരസ്പരം മനസ്സിലാക്കാനുള്ള വിഷമതകൾ പരിഹരിക്കാനാവില്ല.

ആപത്തുകളോട് വളരെ കുറഞ്ഞ സഹിഷ്ണുതയുള്ള ഒരു സമയത്ത്, നമുക്ക് നിയന്ത്രിക്കാനാവാത്ത ഈ മഹാമാരി നമ്മളെ പിടികൂടിയതെന്ന് പറയുന്നണ്ടല്ലോ. പുതിയ തരം സ്വഭാവവിശേഷതകൾ - പോഷകാഹാര ഭ്രമങ്ങൾ മുതൽ, സുരക്ഷിതമായ ഇടങ്ങളുടെ പെരുപ്പം വരെ – നമ്മളെ കൂടുതൽ നിസ്സഹായരാക്കാനുള്ള ശ്രമങ്ങൾ തടയാനെന്ന പേരിൽ.

തീച്ചയായും, ഇത്തരം കാര്യങ്ങൾ നമ്മളെ ദ്രോഹിക്കും. അതൊരു തരത്തിൽ, സ്ഥലം മാറിപ്പോകാൻ പറഞ്ഞ് പ്രകൃതിയുടെ വക നമുക്കൊരടിയാണ്. എല്ലാം നിയന്ത്രിക്കാനും, ജീവിനുണ്ടാവുന്ന പ്രതിബന്ധങ്ങളെ ഇല്ലാതാക്കാനുമുള്ള ഈ ത്വര വളരെ ആശ്ചര്യകരമായാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനുമുപരി, എന്തിനാണ് ഇതെല്ലാം സാധിക്കുമെന്ന് നമ്മളെ വിശ്വസിപ്പിക്കാനായതെന്നാണ് ഞാൻ അതിശയിക്കുന്നത്. പ്രകൃതിയെയും, മറ്റ് മനുഷ്യരെയും നിയന്ത്രിക്കാമെന്ന് ഒരാൾക്ക് തോന്നണമെങ്കിൽ സ്വയം ദൈവ സമാനമാണെന്ന് അയാൾ കരുതുന്നുണ്ടാവും. “നിങ്ങൾ ഭീതിയെ സുഹൃത്താക്കൂ, ആപത്തുകൾ അനുഭവിക്കൂ,” എന്നല്ല ഞാൻ പറയുന്നത്. അതായത്, ഞാൻ പതിനെട്ട് വയസ്സ് ഒരിക്കൽ പിന്നിട്ടതാണ്. തലമുറകൾ തമ്മിലുള്ള വൈചിത്ര്യവും എന്നെ അതിശയിപ്പിക്കുന്നുണ്ടെങ്കിലും, സുരക്ഷിതത്വത്തിലേക്കുള്ള ആലാപനം, ചരിത്രത്തിലാദ്യമായി, മുതിർന്നവരേക്കാൾ ചെറുപ്പക്കാരാണ് നടത്തിയത്. ജീവിതം അനിശ്ചതത്വവും അപകടവും നിറഞ്ഞതാവുമ്പോൾ നമുക്കെല്ലാം ഒരിക്കൽ കൂടി സുഹൃത്തുക്കളാവാം എന്നതല്ലാതെ വേറെ മാർഗ്ഗമില്ല. എന്നിരിക്കിലും, നിരവധി ആപത്തുകളൂം, മരണ കാരണങ്ങളും കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്, ഭീതിയെന്ന ദൗർബ്ബല്യവുമായുള്ള കൂടിക്കാഴ്ച്ച നമ്മളെ ഇടം മാറാൻ സഹായിക്കുമെന്നും ഞാൻ കരുതുന്നു. മരണത്തെപ്പറ്റിയുള്ള ഉൾക്കാഴ്ച്ച നമ്മുടെ മുൻഗണനകൾ മാറ്റി മറിക്കുന്നു. കൂടാതെ, ഈ വൈറസ് നമ്മളെ മറ്റൊന്ന് കൂടി കാണിച്ച് തന്നു: എല്ലാ വേദനകൾക്കും, അമർഷങ്ങൾക്കുമപ്പുറം നമ്മൾ ജീവിക്കാനാഗ്രഹിക്കുന്നു, ജീവൻ ശരിക്കും വിലപ്പെട്ടതാണെന്നും. ഇതൽപ്പം കഠിനമായിരിക്കും, പക്ഷേ വിവിധ തലങ്ങളിലുള്ള സഹകരണത്തിൽ ഏർപ്പെടാൻ നമ്മൾ എത്രമാത്രം പ്രാപ്തിയുള്ളവരുമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും.

ഈ അടിയന്തിരസ്ഥിതിയും ഭീതിയുമൊക്കെ കടന്നുപോയിക്കഴിഞ്ഞാൽ, പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തേപ്പറ്റിയും അതിലെങ്ങിനെ ഇടം

പിടിക്കണമെന്നും നമ്മളൊരു പുനരാലോചന നടത്തുമോ? അതോ നമ്മൾ എല്ലാം പഴയപടി എന്ന അവസ്ഥയിലേക്ക് തിരിച്ചു പോകുമോ?

സത്യസന്ധമായിപ്പറഞ്ഞാൽ, എനിക്കറിയില്ല, കാരണം ഇതൊരു തുടക്കം മാത്രമാണ്, ഒരു പാട് ദൂരം പോകാനുണ്ട്. വരുന്ന ആഴ്ച്ചകളിൽ നാളെ ഇന്നിനേക്കാൾ മോശമായിരിക്കും. പക്ഷേ ഈ തരംഗം കടന്ന് പോയിക്കഴിഞ്ഞാൽ, എന്താണ് സംഭവിച്ചതെന്ന് യുക്തിപരമായി നമുക്ക് ചിന്തിക്കാൻ കഴിഞ്ഞാൽ, അത് വ്യാജ വാർത്തകളും, പരപ്സര സഹായത്തിനുള്ള അനുമാനങ്ങളും അടിസ്ഥാനമാക്കാതെ സാഹചര്യത്തെളിവുകൾ വച്ചാണെങ്കിൽ, നമ്മൾ ഒരു ആഗോള സമൂഹമെന്ന നിലയിൽ ഈ ഗ്രഹത്തിൽ അധിവസിക്കുന്ന രീതി വീണ്ടും വിലയിരുത്തേണ്ടതുണ്ട്. അവസാനമായി, ഇത് പുതിയ തീരുമാനങ്ങളെടുക്കുന്നതിനേപ്പറ്റിയല്ല, പകരം നമ്മൾ അവ എടുത്തുകോണ്ടേയിരിക്കുന്ന് എന്ന് മനസ്സിലാക്കുന്നതാണ്. നമ്മൾ ആരോഗ്യം, സാമൂഹിക ബന്ധങ്ങൾ, സംസ്കാരം, പ്രകൃതിയൂടെ സംരക്ഷണം എന്നിവയിലെല്ലാം എത്രമാത്രം നിക്ഷേപിക്കണം എന്ന് തീരുമാനിക്കുമ്പോൾ നമ്മുടെയും മറ്റുള്ളവരുടെയും എന്ത് ക്ഷേമത്തിലാണ് നമ്മൾ താല്പര്യമെടുക്കുന്നതെന്നണ് നമ്മൾ കാണിച്ച് കൊടുക്കുന്നത്. ഏതോക്കെ കഷ്ട്പ്പാടുകൾ നമുക്ക് മനസ്സിലാവുന്നുണ്ടെന്നും, ഏതോക്കെ മനസ്സിലാവുന്നില്ലെന്നും.

ഇസബെല്ലിന്റെ ചില പ്രഭാഷണങ്ങൾ

  1. സ്പാനിഷ് അഭിമുഖം: https://bit.ly/2JVp5JS
  2. ഇംഗ്ലീഷ് പരിഭാഷ: https://bit.ly/2SGjgVi
  3. ബിബിസി ഡോക്കുമെന്ററി: https://bit.ly/2Rw2LLg
  4. നാഷണൽ ജ്യോഗ്രാഫിക് ലേഖനം: https://bit.ly/3b0MjdC
  5. 2013-ലെ വയഡ് പ്രഭാഷണം: https://bit.ly/3a6xxQZ
  6. 2011-ലെ റ്റെഡ് പ്രഭാഷണം: https://bit.ly/3b4pYM5

കവർ ചിത്രത്തിനു കടപ്പാട്: അബ്ദുൾ ജലീൽ കെ./രാഹുൽ രവീന്ദ്രൻ

Comments