ഭാവിയേക്കുറിച്ചുള്ള ആശങ്കകൾ
നമുക്കു ചുറ്റും എവിടെ നോക്കിയാലും കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളാണല്ലോ? ചിലത് ഉപരി പഠനത്തിനായുള്ള പരിശീലനം, ചിലയിടങ്ങളിൽ തൊഴിൽ നേടാനുള്ള മത്സര പരീക്ഷകൾക്കായുള്ള പരിശീലനം, ഇനി മറ്റ് ചിലത് തൊഴിൽ വൈദഗ്ദ്യം വർദ്ധിപ്പിക്കാനുള്ളത്. ഇങ്ങിനെയുള്ള കേന്ദ്രങ്ങൾക്ക് നമ്മളെ സഹായിക്കാനാവുമെങ്കിലും നമ്മുടെ പരിശീലിക്കപ്പെടാനുള്ള സന്നദ്ധതയും, അടിസ്ഥാന വിദ്യാഭ്യാസവും, ആർജ്ജിച്ചിട്ടുള്ള കഴിവുകളുമൊക്കെയാണ് തൊഴിലിനും ജീവിത വിജയങ്ങൾക്കും സഹായിക്കുക. ഐഎസ് അടക്കമുള്ള ജോലികൾക്കുള്ള പരീക്ഷകൾ പാസാകാനുള്ള ഒരുക്കത്തിൽ പകുതിയെങ്കിലും സഹായിക്കാൻ നമ്മൾ സ്കൂളുകളിൽ പഠിച്ച പുസ്തകങ്ങൾ ഒരിക്കൽ കൂടിയെടുത്ത് വായിച്ച് അറിവ് പുതുക്കിയാൽ മതിയാകുമെന്ന് വിശ്വസിക്കാൻ പലർക്കും പ്രയാസമായിരിക്കും. അതിനൊപ്പം ആനുകാലിക പ്രസിദ്ധീകരണങ്ങൾ - മികച്ച ചില പത്ര മാസികകൾ - കൂടി പതിവായി വായിച്ച് കുറിപ്പുകൾ എടുക്കുന്നവർക്ക് വേറെ ഒരു കോച്ചിങ്ങും പലപ്പോഴും ആവശ്യം വരാറില്ല. എന്നാൽ പിഎസ് സി അടക്കമുള്ള പരീക്ഷകൾക്ക് പിറകേ പായുന്ന നമ്മുടെ ഉദ്യോഗാർത്ഥികൾ പലപ്പോഴും ഇക്കാര്യങ്ങൾ ആലോചിക്കാതെ ഉത്തരങ്ങൾ ഓർത്തിരിക്കാനുള്ള സൂത്ര വാക്യങ്ങളുടെയും, എല്ലാം കാച്ചിക്കുറുക്കിയ ഗൈഡുകളുടെയും, ഓർമ്മ ശക്തി വർദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളുടെയുമൊക്കെ പിന്നാലെയാണ്.
ഇത്രയും സൂചിപ്പിച്ചത് നമ്മൾ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ നമുക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കുന്നത് വളരെ കുറച്ച് ആളുകൾക്ക് സംഭവിക്കുന്ന ഒരു കാര്യമാണെന്ന് പറയാനാണ്. അതിനു പ്രധാന കാരണം നമ്മൾ സ്വയം വിലയിരുന്നതിൽ അമ്പേ പരാജയപ്പെടുന്നു എന്നുള്ളതോ, അല്ലെങ്കിൽ അതിനെടുക്കുന്ന സമയം വളരെ കൂടുതലാണെന്നതോ ആണ്. അടുത്തിടെ ഒരു ഐടി കമ്പനിയിൽ നടന്ന കാര്യം നമുക്ക് നോക്കാം: കേരളത്തിലെ അറിയപ്പെടുന്ന രണ്ട് സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിലെ പതിനഞ്ച് വീതം കുട്ടികളെ ജോലിക്കായുള്ള ഇന്റേൺഷിപ്പിന് തെരെഞ്ഞെടുത്തു. രണ്ട് മാസം കഴിഞ്ഞ് അവരെ മുഴുവൻ പിരിച്ച് വിട്ടു. ഇക്കാലം കൊണ്ട് അവർക്ക് തൊഴിലിനു വേണ്ട വൈദഗ്ദ്യം - അതായത് കസ്റ്റമർക്ക് ആവശ്യമുള്ള നിലവാരത്തിൽ ഉള്ള സേവനം നൽകാനുള്ള കഴിവ് - നേടിയെടുക്കാനായില്ല എന്നതായിരുന്നു കാര്യം. ഒരു ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസ ബിരുദം നേടുന്ന ഒരു ശരാശരി ഉദ്യോഗാർത്ഥിക്കുണ്ടാവേണ്ട കഴിവുകളൊക്കെയേ അവർക്കാവശ്യമുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവർക്ക് ആ നിലവാരം ചുരുങ്ങിയ കാലയളവിനുള്ളിൽ നേടിയെടുക്കാനായില്ലെങ്കിൽ അതിനർത്ഥ നമ്മുടെ ബഹു ഭൂരിപക്ഷം വിദ്യാർത്ഥികളും അടിസ്ഥാന കഴിവുകൾ (basic skills) പോലുമില്ലാതെയാണ് പുറത്തിറങ്ങുന്നതെന്നാണ്. ഓരോ കോഴ്സും ചെയ്യുമ്പോൾ നമുക്ക് ചില പ്രത്യേക കഴിവുകൾ (specific skills) ലഭിക്കാറുണ്ട്. അതോടൊപ്പം നമ്മൾ ജീവിത്തത്തിൽ മുന്നോട്ട് പോകുമ്പോൾ ആർജ്ജിച്ച് പോകുന്ന കഴിവുകളുമുണ്ട് (transferable skills). ഇതിനൊപ്പം തൊഴിലിലും ജീവിതത്തിലും മികവ് കാണിക്കാൻ ലൈഫ് സ്കിൽസും അവശ്യമാണ്.
ഇന്നത്തെ സമൂഹത്തിൽ നമ്മൾ ഏത് കോഴ്സ് പഠിച്ചാലും അത്യാവശ്യമുള്ള ചില കഴിവുകളുണ്ട്. പ്രത്യേകിച്ചും കമ്പ്യൂട്ടർ പരിജ്ഞാനം - വിൻഡോസ്, ലിനക്സ് അധിഷ്ഠിത കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ടൈപ്പ് സെറ്റിങ്ങ്, എക്സൽ പോലുള്ള സ്പ്രെഡ്ഷീറ്റുകൾ കൈകാര്യം ചെയ്യുക, ഇമെയിൽ ഉപയോഗിച്ചുള്ള കമ്മ്യൂണിക്കേഷൻ ഇവയൊക്കെ അടിസ്ഥാന കഴിവുകളാണ്. ഇതിനപ്പുറം ഉയർന്ന കഴിവുകളുണ്ടെങ്കിലും അത് എല്ലാവർക്കും ഉണ്ടാവണമെന്നില്ല, അഥവാ നിർബന്ധവുമില്ല. എന്നാൽ ഓരോ ജോലിക്കും ആവശ്യമുള്ള കഴിവുകൾ അതാത് കോഴ്സുകൾ ചെയ്യുമ്പോൾ നമ്മൾ ആർജ്ജിക്കേണ്ടതുണ്ട്. പരീക്ഷയിൽ എത്ര മാർക്കുണ്ടെന്നതിനേക്കാൾ ആർജ്ജിച്ച കഴിവുകൾ പ്രയോഗിക്കാനുള്ള കഴിവുണ്ടോ എന്നതാണ് തൊഴിൽ ദാതാക്കൾ തേടുക. ഇന്ന് തൊഴിൽ സാഹചര്യങ്ങളും, അതോടൊപ്പം തൊഴിൽ വൈദഗ്ദ്യവും അടിക്കിടെ മാറുന്ന ഒരു സാഹചര്യമാണുള്ളത്. അതായത് തൊഴിലിൽ പിടിച്ച് നിൽക്കണമെങ്കിൽ പുതിയ കാര്യങ്ങൾ സ്വയം സമയം കണ്ടെത്തി പഠിക്കേണ്ടി വരും. ഉദാഹരണത്തിന് സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് ഭാഷാ പഠനം അത്ര ഇഷ്ടമല്ലാത്ത ഒരാൾക്ക് പിൽക്കാലത്ത് ചിലപ്പോൾ പല ഭാഷകൾ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. അതിനായി ചിലപ്പോൾ സാങ്കേതികവിദ്യയുടെ സഹായം തേടാനും ഇയാൾക്ക് സാധിക്കണം. ഇനി അതികം വൈദഗ്ദ്യം ആവശ്യമില്ലാത്ത ജോലികൾ മതിയെന്നാണെങ്കിൽ ഇവയ്ക്ക് ജോലി സുരക്ഷ വളരെ കുറവായിരിക്കും. അതിയന്ത്രവൽക്കരണത്തിന്റെ (automation) കാലമായതിനാൽ വൈദഗ്ദ്യം വേണ്ടാത്ത ജോലികൾ (unskilled jobs) ലോകമെമ്പാടും യന്ത്രങ്ങൾ കയ്യടിക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ഉദാഹരണം നോക്കിയാൽ ടെലിഫോൺ ഓപ്പറേറ്റർ, കസ്റ്റമർ കെയർ, ഫ്രണ്ട് ഓഫീസ് ഹെല്പ് ഡെസ്ക് എന്നിവയൊക്കെ ഇന്ന് വിരളമായേ മനുഷ്യർ കൈകാര്യം ചെയ്യുന്നുള്ളൂ. നിങ്ങൾ ഏതെങ്കിലും ടെലി സേവനം തേടിയാൽ മിക്കവാറും നിങ്ങളോട് സംസാരിക്കുന്നത് ഒരു യന്ത്രമായിരിക്കുമെന്ന് സാരം. വലിയ കമ്പനികളൊക്കെ സ്വീകരണ സ്ഥലങ്ങളിൽ ആളുകളോട് ഇടപെടാൻ റോബോട്ടുകളെയും ഏർപ്പാടാക്കിക്കഴിഞ്ഞു.
ഇതെല്ലാം പറഞ്ഞത് ഭാവിയിൽ തൊഴിൽ ലഭിക്കുക പ്രയാസകരമാണെന്ന് സൂചിപ്പിക്കാനല്ല, പകരം കരിയർ തെരെഞ്ഞെടുക്കുമ്പോൾ സ്വന്തം കഴിവുകൾക്കും താല്പര്യങ്ങൾക്കും അനുസരിച്ച് വേണമെന്ന് പരാമർശിക്കാനാണ്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഏത് വഴിക്ക് പോകണമെന്ന് അല്പം സമയമെടുത്ത് തീരുമാനിച്ചാൽ നമുക്ക് വിഷമിക്കേണ്ടി വരില്ല. നമ്മൾക്ക് വശമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന ബിരുദങ്ങൾക്ക് ചേർന്ന്, ഒരു പത്ത് വർഷം അപ്പുറമുള്ള ഭാവി വരെ എങ്ങിനെയായിരിക്കുമെന്ന് ആസൂത്രണം ചെയ്താൽ ഭാവി ശോഭനമാകാൻ സാധ്യതയേറെയാണ്. ഏത് തൊഴിൽ മേഖലയാണ് താല്പര്യമെന്നാൽ അതിൽ വിജയിക്കാൻ ആവശ്യമുള്ള വൈദഗ്ദ്യം പടിപടിയായി നേടുന്നത് പഠിച്ചിറങ്ങുമ്പോൾ തന്നെ തൊഴിൽ നേടാൻ സഹായിക്കും. കാരണം ലളിതമാണ് - ഏതോരു തൊഴിൽ ദാതാവിന്റെയും സ്വപ്നമാണ് തനിക്കാവശ്യമുള്ള കഴിവുകളുള്ള സ്ഥിരോത്സാഹിയായ ഒരു ഉദ്യോഗാർത്ഥിയെ ലഭിക്കുകയെന്നത്. അതോടൊപ്പം ഓർക്കേണ്ട ഒന്നാണ് ഇന്ന് ക്യാമ്പസ് റിക്രൂട്ട്മെന്റ് എന്നതൊക്കെ വലിയ നിരാശയാണ് തൊഴിൽദാതാക്കൾക്കെന്നത്. ഈ സാഹചര്യത്തിൽ ചില പഠന വഴികളും, പ്രോഗ്രാമുകളും അവയുടെ സാദ്ധ്യതകളും ഈ ലക്കത്തിലും, വരുന്ന ലക്കങ്ങളിലുമായി നമുക്ക് പരിശോധിക്കാം.
ഹയർ സെക്കണ്ടറി വിദ്യാഭ്യാസം
ബിരുദ പ്രോഗ്രാമുകൾക്കുള്ള അടിസ്ഥാനം ഹയർ സെക്കണ്ടറി വിദ്യാഭ്യാസമാണല്ലോ. നമുക്ക് എഞ്ചിനീയറിങ്ങ്, മെഡിസിൻ എന്ന രണ്ട് വഴികളാണ് സ്കൂൾ തലം മുതലേ പലപ്പോഴും തലയിലുറയ്ക്കുന്നത്. എഞ്ചിനീയർമാരെക്കാൾ കൂടുതൽ തൊഴിൽ നൽകുന്ന മേഖലകൾ പലപ്പൊഴും ബാങ്കിങ്ങ്, ഇൻഷുറൻസ് രംഗങ്ങളാണ്. അതോടൊപ്പം നിയമം, അക്കൗണ്ടിങ്ങ്, ടാക്സ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ നിരവധി വഴികളുണ്ട്. അതു പോലെ തന്നെ ഭാഷാ വൈദഗ്ദ്യം, സാമൂഹ്യ ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സോഷ്യൽ വർക്ക്, എന്നിങ്ങനെ പല മേഖലകളിൽ അവസരങ്ങളുണ്ട്. ഇതിനൊക്കെ ശാസ്ത്രമോ, സാങ്കേതികവിദ്യയോ പഠിക്കേണ്ട സാഹചര്യമില്ല, പകരം അവയൊക്കെ സ്കൂൾ നിലവാരത്തിൽ അറിഞ്ഞിരുന്നാൽ മതിയാകും. അതായത് മേൽപ്പറഞ്ഞ പല വിഷയങ്ങളിലും പ്രാവീണ്യം നേടാൻ അതിൽ താല്പര്യമുള്ളവർക്ക് നേരത്തേ തീരുമാനമെടുത്താൽ വളരെയെളുപ്പം സാധിക്കും.
ഗണിത ശാസ്ത്ര പ്രാവീണ്യം അൽപ്പം കുറഞ്ഞ ഒരാൾക്ക്, പ്രായോഗിക വിജ്ഞാനം ഉണ്ടെങ്കിൽ ഐടിഐ, പോളിടെക്നിക് കോളേജുകളിൽ പത്താം ക്ലാസ്സ് കഴിയുമ്പോഴെ പ്രവേശനം നേടി തൊഴിൽ വൈദഗ്ദ്യം നേടാവുന്നതേയുള്ളൂ. ഇവർക്ക് എഞ്ചിനീയറിങ്ങ് ബിരുദധാരികളേക്കാൾ തൊഴിൽ സാദ്ധ്യത വ്യവസായ മേഖലയിലുണ്ടാവും. അതല്ലെങ്കിൽ സ്വയം തൊഴിൽ കണ്ടെത്താനും സാധിക്കും. സർക്കാർ, സ്വകാര്യ മേഖലകളിൽ നിരവധി സ്ഥാപനങ്ങൾ കേരളത്തിലെമ്പാടും ഇക്കാര്യത്തിൽ ലഭ്യമാണ്. ഇനി പഠനത്തിൽ താൽപ്പര്യമുള്ള പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് ലാറ്ററൽ എൻട്രിയുമുണ്ട്. മികച്ച ഐടിഐകളും പോളിടെക്നിക്കുകളും ഇന്ത്യയിലേയും വിദേശത്തേയും പല കമ്പനികളുടേയും സഹായത്താൽ കാലാനുസൃതമായ വിദഗ്ദ പരിശീലനം ഉറപ്പ് വരുത്തുന്നുണ്ട്.
ശാസ്ത്രത്തിലും, ഗണിതത്തിലും ഉയർന്ന മികവ് പ്രകടിപ്പിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വഴികളിലൊന്നാണ് എഞ്ചിനീയറിങ്ങ് ബിരുദങ്ങൾ. അനവധി പ്രോഗ്രാമുകൾ ലഭ്യമാണെങ്കിലും ഏറ്റവും സാദ്ധ്യത പരമ്പരാഗത ബ്രാഞ്ചുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്കാണ്. അനവധി മറ്റ് കോഴ്സുകളുണ്ടെങ്കിലും അവ പഠിക്കുന്ന സ്ഥലങ്ങൾ സൂക്ഷിച്ച് തെരഞ്ഞെടുത്തില്ലെങ്കിൽ ഭാവി പ്രശ്നമായേക്കാം. എഞ്ചിനീയറിങ്ങിൽ ഗണിതശാസ്ത്രത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പരീക്ഷണ മികവ്. ഇതോടൊപ്പം ഫിസിക്സിലും, കെമിസ്ട്രിയിലുമുള്ള താൽപ്പര്യവും അവശ്യമാണ്. എന്നാൽ മെഡിക്കൽ സയൻസിലേക്ക് തിരിയാൻ താല്പര്യമുള്ളവർ ബയോളജിയിലും, കെമിസ്ട്രിയിലുമാണ് കൂടുതൽ മികവ് കാണിക്കേണ്ടത്. വളരെയധികം കാര്യങ്ങൾ ക്ഷമയോടെ പഠിച്ച് മനസ്സിലാക്കാനും അവ രോഗ ലക്ഷണങ്ങളുമായി ബന്ധിപ്പിച്ച് നിഗമനങ്ങളിലെത്താനുമുള്ള കഴിവുകളും അർപ്പണ ബോധവുമില്ലാത്തവർ ഈ വഴി തെരെഞ്ഞെടുക്കാതിരിക്കുന്നതാവും നല്ലത്. സമൂഹത്തിൽ പണവും പ്രശസ്തിയുമൊക്കെ ലഭിക്കാൻ ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ഏത് പ്രൊഫഷനും സഹായിക്കുമെന്നതിനാൽ മെഡിക്കൽ ഡോക്ടറായാലെ ശരിയാകൂ എന്ന തെറ്റിദ്ധാരണ ഒഴിവാക്കുക.
മെഡിക്കൽ സയൻസിനെ നിലനിർത്തുന്ന ഉപകരണങ്ങളും കണ്ട് പിടിത്തങ്ങളുമൊക്കെ നടത്തുന്ന ശാസ്ത്രജ്ഞർ പഠിക്കുന്ന ബേസിക് സയൻസ് കോഴ്സുകളാണ്. അത് പൊലെ തന്നെ നോബൽ സമ്മാനങ്ങളടക്കമുള്ള പുരസ്കാരങ്ങളൊക്കെ കൂടുതലായി ലഭിക്കുന്നതും ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങൾ പഠിച്ച് ഗവേഷണം നടത്തുന്നവരാണ്. മാത്രവുമല്ല ഗവേഷണ തലത്തിൽ നമ്മൾ ഇപ്പോൾ കരുതുന്ന വിഷയങ്ങൾ തമ്മിലുള്ള തിരിവുകളൊന്നുമില്ല. ഇന്ന് ഏറ്റവുമധികം ജോലി സാദ്ധ്യതയുള്ള ഡാറ്റാ സയന്റിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളൊക്കെ ഗവേഷണ പരിചയമുള്ളവർക്ക് കൂടുതൽ സാദ്ധ്യതയുള്ളവയാണ്. അതിനാൽ ഹയർ സെക്കണ്ടറി തലത്തിൽ ശാസ്ത്ര വിഷയങ്ങൾ എടുക്കും മുമ്പ് അത് കഴിഞ്ഞെന്ത് ചെയ്യുമെന്ന് ആലോചിട്ട് മാത്രം മുന്നോട്ട് പോവുക. ഗണിതവും, ശാസ്ത്രവുമൊക്കെ വഴങ്ങുന്ന ഒരാൾ സയൻസ് ഗ്രൂപ്പ് എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. പകരം എകണോമിക്സ്, കൊമേഴ്സ്, മറ്റ് മാനവിക ശാസ്ത്ര വിഷയങ്ങളിലൊക്കെ മറ്റുള്ളവരേക്കാൾ ശോഭിക്കാൻ ചിലപ്പോൾ ഇവർക്കായേക്കാം. ഇന്ത്യയിലെ ചില പ്രധാന സ്ഥാപനങ്ങളിൽ നിന്ന് എകണോമിക്സ് ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് പലപ്പോഴു ഐഐടിയിൽ എഞ്ചിനീയറിങ്ങ് പഠിച്ചിറങ്ങുന്നവർക്കൊപ്പം ശമ്പളം തുടക്കത്തിൽ ലഭിക്കാറുണ്ട്. എന്ന് വച്ച് എല്ലാവരും എകണോമിക്സ് പഠിക്കണമെന്നല്ല, പകരം സ്വന്തം താൽപ്പര്യങ്ങൾ, മറ്റ് അഭിരുചികൾ, ഭാവി സാദ്ധ്യതകൾ എന്നിവയൊക്കെ സ്കൂൾ കാലത്ത് തന്നെ തിരിച്ചറിഞ്ഞ് മുന്നേറുക. സാധിക്കുമെങ്കിൽ CBSE പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Students Global Aptitude Index (SGAI)) പോലുള്ള പരീക്ഷകളിൽ പങ്കെടുത്ത് സ്വന്തം കഴിവുകൾ വിലയിരുത്തുക. നമ്മുടെ സ്വഭാവ സവിശേഷതകളും മറ്റും തിരിച്ചറിയാനുള്ള ടെസ്റ്റുകളും മറ്റും ഓൺലൈനിലും ലഭ്യമാണ്. കൂടാതെ, താൽപ്പര്യമുള്ള തൊഴിൽ മേഖലകൾ, കോഴ്സുകൾ, സ്ഥാപനങ്ങൾ ഇവയിലൊക്കെ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കൂടുതൽ അടുത്തറിയാൻ ശ്രമിക്കുക. മികച്ച സ്ഥാപനങ്ങളെന്നാൽ കുറഞ്ഞ ഫീസിൽ മികച്ച സാഹചര്യങ്ങൾ ഒരുക്കുന്നവെയന്ന് മനസ്സിലാക്കുക. അവിടെ പഠിച്ചിറങ്ങിയാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ പഠന ചെലവ് ശമ്പളത്തിൽ നിന്നും തിരിച്ചടയ്ക്കാൻ സാധിക്കും. കോഴ്സുകളേക്കാൾ പരിഗണന പഠിക്കുന്ന സ്ഥലത്തിനു നൽകണമെന്ന് സാരം!
കൂടുതൽ കോഴ്സുകളേയും അവസരങ്ങളെയും കുറിച്ച് അടുത്ത ലക്കത്തിൽ കുറിക്കാം.
സൂചന:
വനിതാ ബോധിനി മാസികയുടെ മെയ് 2018 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പകർപ്പ്.
ലിങ്ക്: http://sevikasanghom.com