യാന്ത്രികമാകുമോ ജീവിതം?

by Jijo P Ulahannan — on  ,  ,  ,  , 

cover-image

നാണയപ്പെരുപ്പവും, ഇന്ധനവിലയും കുറഞ്ഞിട്ടും, മസാല ദോശയുടെ വില കുറയാത്തത് യന്ത്രവൽക്കരണത്തിന്റെ അഭാവം മൂലം – റിസർവ് ബാങ്ക് ഗവർണർ, രഘുറാം രാജൻ!

യന്ത്രങ്ങളെപ്പോലെ പണിയെടുക്കുന്ന അന്തേവാസികൾ ഉണ്ടാക്കുന്ന ചപ്പാത്തിയും ചിക്കൻ കറിയും കുറഞ്ഞ വിലയ്ക്ക് നമ്മുടെ ജയിലുകളിൽ നിന്ന് വരുന്നത് വാങ്ങി കഴിക്കുന്ന നമുക്ക് മേൽപ്പറഞ്ഞത് ശരിയല്ലേ എന്നു തോന്നുക സ്വാഭാവികം. ഏതായാലും ഇതിന്റെ ധനതത്വ ശാസ്ത്ര വിശകലനം അവിടെ നിൽക്കട്ടെ, അല്പം വേറിട്ട ചിന്തയിലേക്ക് നയിക്കുന്ന ചില വാർത്തകളിലേക്ക് കണ്ണോടിക്കാം:

ഐബിഎം വാട്സൻ സൂപ്പർ കമ്പ്യൂട്ടർ മികച്ച തലക്കെട്ടുകൾ എഴുതാൻ പഠിച്ചു! </p>

മനുഷ്യസാധ്യമായ ജോലികളിൽ 50 ശതമാനവും അടുത്ത 30 വർഷത്തിനുള്ളിൽ യന്ത്രങ്ങൾ ഏറ്റെടുക്കും! അങ്ങിനെയെങ്കിൽ ഭൂമിയിലെ അവസാനത്തെ ജോലി എങ്ങിനെയിരിക്കും? </p>

ഭൗമോപരിതല ജലത്തിന്റെ നില അറിയാൻ ഗൂഗിളിന്റെ ശ്രമം.</p>

യന്ത്രങ്ങൾ മനുഷ്യൻ പല കാലങ്ങളിലും സൃഷ്ടിച്ച്, പരിഷ്കരിച്ച് പോന്നിരുന്നെങ്കിലും കമ്പ്യൂട്ടറുകളുടെ കടന്നുവരവും, അവയ്ക്ക് ചിന്താശേഷി നൽകാനുള്ള ശ്രമങ്ങളും, മാറ്റങ്ങൾ ദ്രുതഗതിയിലാക്കുകയും ചെയ്തു. ഇത് ലോക ചരിത്രത്തെ പല രീതിയിലും സ്വാധീനിക്കുന്നതായി നമുക്ക് കാണാം. ഇതിൽ പല വൈചിത്ര്യങ്ങൾ ഉള്ളതായും, പലയിടത്തും കലഹങ്ങളും സൃഷ്ടിക്കുന്ന രീതിയിൽ പരിണമിക്കുന്നതായും കാണാവുന്നതാണ്. സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച തൊഴിലില്ലായ്മകൾ ലോകത്തെമ്പാടും ഒരു രാഷ്ട്രീയ ആയുധമായി മാറുമ്പോൾ, മാറി മാറി വരുന്ന അധികാരികൾ ഇതിന് പരിഹാരമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ യന്ത്രവൽക്കരണത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി എന്ന വഴിക്ക് തന്നെ ചിന്തിക്കുന്നതായി കാണാം. ഇതിനർത്ഥം കുറെക്കാലം കഴിയുമ്പോൾ മനുഷ്യരെല്ലാം പുരാതന ആഥൻസ് പൗരന്മാരെപ്പോലെ ഇഷ്ട വിനോദങ്ങളിലും, ആശയ കൈമാറ്റങ്ങളിലും മുഴുകി പ്രവർത്തികളെല്ലാം യന്ത്രങ്ങൾക്ക് നൽകി ജീവിതം മുന്നോട്ട് നയിക്കുമോ? അതോ ഒരു പടി കൂടെ കടന്ന് റോമൻ പൗരന്മാരെപ്പോലെ സ്വയം നാശത്തിലേക്ക് എത്തിച്ചേരുമോ? ഇന്നത്തെ യന്ത്രവൽക്കരണത്തിന്റെ കടന്ന് വരവ് എങ്ങിനെയാണെന്ന് ഒന്ന് പരിശോധിക്കാം.


ചിന്തകളെ ക്രോഡീകരിച്ച അരിസ്റ്റോട്ടിലും, ഇവയെ ഗണിതരൂപത്തിലാക്കിയ ജോർജ്ജ് ബൂളും, ഇതിന്റെ അടിസ്ഥാനത്തിൽ യന്ത്രങ്ങൾ വിഭാവനം ചെയ്ത അലൻ ടൂറിങ്ങും, വോൺ നോയിമാനും നമ്മളെ ഇന്നത്തെ കമ്പ്യൂട്ടിങ് യുഗത്തിലെത്താൻ സഹായിച്ചു. “Can machines think?” എന്ന ചോദ്യവുമായി 1950-ൽ അലൻ ടൂറിങ്ങ് അവതരിപ്പിച്ച ഐതിഹാതികമായ പേപ്പർ, കൃത്രിമബുദ്ധി എന്നത് ഒരു മന്ത്രമായി ഉരുത്തിരിയാൻ ഇടയായി. ഇങ്ങിനെ മനുഷ്യനിർമ്മിതമായ യന്ത്രങ്ങളും അവയ്ക് നൽകുന്ന കൃത്രിമബുദ്ധിയുമൊക്കെ നിരവധി കൃതികൾക്കും, ചലച്ചിത്രങ്ങൾക്കും ഹേതുവായി. 1982-ൽ പുറത്തിറങ്ങിയ റിഡ്ലി സ്കോട്ട് ചിത്രമായ ‘ബ്ലേഡ് റണ്ണർ’ ഇതിന്റെ ധാർമ്മിക പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. യന്ത്രങ്ങൾക്ക്, പ്രത്യേകിച്ചും വിവേചനശേഷിയുള്ളവയ്ക്ക്, അടിമയാകുന്ന മനുഷ്യനെപ്പറ്റി, അവയുമായി പൊരുതുന്ന മനുഷ്യനെപ്പറ്റിയൊക്കെ പുറത്ത് വന്ന കൃതികളൊക്കെ ഇതിന്റെ ഭാവിയെപ്പറ്റി നമുക്കു തന്നെയുള്ള ആശങ്കകൾ പങ്ക് വയ്ക്കുന്നവയാണ്. ഇത്തരത്തിലുള്ള എല്ലാ യന്ത്രങ്ങളും ഹ്യൂമനോയിഡുകൾ (Humanoid) അഥവാ മനുഷ്യ രൂപമുള്ള റോബോട്ടുകൾ ആവണമെന്നില്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ബൗദ്ധിക, വിവേചന ശക്തികൾ യന്ത്രങ്ങളിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഉദ്യമങ്ങൾ വിവിധ രൂപത്തിൽ നമുക്ക് ദർശിക്കാവുന്നതാണ്. ഇതിന് യന്ത്രങ്ങളെ പ്രാപ്തരാക്കുന്ന അൽഗോരിതങ്ങൾ, യന്ത്രങ്ങൾ (ഒരർത്ഥത്തിൽ ഈ ലോകം മുഴുവനും) തമ്മിൽ ഇന്റ്ർനെറ്റ് വഴിയുള്ള ആശയ വിനിമയം (Internet of Things), മനുഷ്യസഹായമില്ലാതെ യന്ത്രങ്ങൾക്ക് സ്വയം പഠിക്കാനുള്ള ശേഷി നൽകൽ (Machine Learning), കമ്പ്യൂട്ടർ അധിഷ്ഠിത ദൃശ്യ-ശ്രാവ്യ പഠനങ്ങൾ (Computer Vision and Speech Processing), തുടങ്ങിയ ശാഖകളൊക്കെ ഇതിനായി കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 2020 ആകുമ്പോഴേക്കും 5000 കോടി ഉപകരണങ്ങൾ ഇന്റർനെറ്റ് വഴി പരസ്പരം ആശയവിനിമയം നടത്തി, ഈ ലോകത്തെ കൂടുതൽ സ്മാർട് ആക്കുമെന്ന് കരുതപ്പെടുന്നു!


നൈസർഗ്ഗിക ഭാഷാ വിശകലനം, ഇന്റർനെറ്റ് തെരച്ചിൽ, ബാങ്കിങ്ങ്, ഡാറ്റാ മൈനിങ്ങ്, ചികിത്സാ വിശകലനം, തുടങ്ങി നിരവധി മേഖലകളിൽ ഇന്ന് കൃത്രിമബുദ്ധി അൽഗോരിതങ്ങൾ വളരെയധികം പ്രസക്തി നേടിയിരിക്കുന്നു. 1997ൽ ഗാരി കാസ്പറൊവിനെ തോൽപ്പിച്ച ഡീപ് ബ്ലൂ, ഐബിഎമ്മിന്റെ തന്നെ ചോദ്യോത്തര സൂപ്പർ കമ്പ്യൂട്ടറായ വാട്ട്സൻ എന്നിങ്ങനെ ചരിത്രം സൃഷ്ടിച്ച യന്ത്രങ്ങളാണ് യന്ത്രങ്ങൾക്ക് പിന്നിൽ അവയെ പ്രാപ്തരാക്കുന്ന അൽഗോരിതങ്ങൾ കാണാതിരുന്നു കൂടാ. വാട്സൻ എന്ന ചോദ്യോത്തര കമ്പ്യൂട്ടർ, അടുത്തിടെ പ്രസിദ്ധമായ റ്റെഡ് പ്രഭാഷണങ്ങളുടെ ആശയ വിശകലനം നടത്തി നമ്മെ ഗ്രസിക്കുന്ന പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ നൽകിയത് ശ്രദ്ധേയമായിരുന്നു.

How IBM Watson can mine knowledge from TED Talks

അലൻ ടൂറിങ്ങ് 1950-ൽ കരുതിയത് 2000 ആകുമ്പോഴേക്കും അദ്ദേഹം വിഭാവനം ചെയ്ത ടൂറിങ്ങ് ടെസ്റ്റ് (Turing Test) പരീക്ഷണം പാസ്സായ യന്ത്രങ്ങൾ ഉണ്ടാവുമെന്നാണ്. പക്ഷെ, മനുഷ്യന്റെ അതേ വിവേചനശേഷിയും, പലകാര്യങ്ങളിൽ ഒരേ സമയം ശ്രദ്ധ പതിപ്പിക്കാനുള്ള കഴിവും ഒക്കെയുള്ള യന്ത്രങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ചിലർ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് അൽഗോരിതങ്ങളുടെ പരിമിതിയാണെങ്കിൽ, മറ്റു ചിലർ ഇത് ലഭ്യമായ കമ്പ്യൂട്ടിങ്ങ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലമെന്ന് പറയുന്നു. ഏതായാലും 2030-നുള്ളിൽ മനുഷ്യനേപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ സൃഷ്ടിക്കാനാവും എന്ന് റേ കഴ്സ്വൈലിനെപ്പോലുള്ളവർ (ശുഭാപ്തിവിശ്വാസികൾ) കരുതുന്നു.

പ്രമുഖ കമ്പനികളെല്ലാം വിവിധങ്ങളായ റോബോട്ടുകളുടെ വികസനത്തിനായി സ്വന്തം ശാഖ തുടങ്ങുകയോ മറ്റുള്ളവയെ ഏറ്റെടുക്കുകയോ ചെയ്യുന്നതായി കാണാം. അമേരിക്കയിലും മറ്റും സ്കൂൾ തലം മുതൽ റോബോട്ടിക്സ് ക്ലബ്ബുകളും മറ്റും ഇതിന് കുട്ടികളെ പ്രാപ്തരാക്കുന്നു. ഇതിന്റെ തലച്ചോർ പ്രോഗ്രാമിങ്ങ് അഥവാ കോഡിങ്ങ് ആണെന്നും, അതിന്റെ അടിസ്ഥാനം ഗണിതശാസ്ത്രപരമായ ചിന്താശേഷിയാണെന്നുമുള്ള തിരിച്ചറിവ് പല രാജ്യങ്ങളെയും സ്കൂൾ പാഠ്യപദ്ധതിയിൽ ഇവയ്ക്കെല്ലാം സ്ഥാനം നൽകുന്നതിലേക്ക് നയിക്കുന്നതായും കാണാം.


ഇനി തുടക്കത്തിലെ പരാമർശങ്ങളിലേക്ക് തിരിച്ച് വരാം. കൃത്രിമബുദ്ധി മാറ്റി നിർത്തിയാലും, മനുഷ്യൻ ചെയ്തിരുന്ന പല ജോലികളും ഇന്ന് യന്ത്രങ്ങൾ ഏറ്റെടുക്കുകയും, തദ്വാരാ മനുഷ്യന്റെ തൊഴിൽ ലഭ്യതയെ അവ ബാധിക്കുകയും ചെയ്തിട്ടുണ്ട്. റോബോട്ടുകൾ യാന്ത്രിക ജോലിക മാത്രമല്ല, ഇന്ന് സേവന പ്രവൃത്തിമേഖലകളിലേക്കും കടന്നിരിക്കുന്നു. തുടക്കത്തിൽ ഇത് താരതമ്യേന ചെറിയ ജോലികളിലേർപ്പെട്ടിരിക്കുന്ന ആളുകളെയാണ് ബാധിക്കുന്നതെന്ന് കാണാം. യന്ത്ര സഹായത്തോടെ വളരെപ്പെട്ടെന്ന് ആവശ്യക്കാർക്ക് സേവനം എത്തിച്ച് കൊടുക്കുന്ന ഊബർ കാർ സർവീസ് പോലെയുള്ള സേവനങ്ങൾ വർദ്ധിച്ചു വരാനാണ് സാധ്യത. ഇവ പ്രാദേശിക തലത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇന്ന് ലോകത്തെല്ലായിടത്തും പോലെ നമുക്കും പരിചിതമാണല്ലോ?

Online Cabs are in Vogue

എന്നാൽ സ്വയം ഓടുന്ന കാറുകൾ, ഉപയോക്താവിന്റെ മനമറിഞ്ഞ് പ്രവർത്തിക്കാനും ആ അറിവ് നിർമ്മാതാക്കളിലേക്ക് കൈമാറുന്ന ഇന്റർനെറ്റ് ബന്ധമുള്ള പലതരം ഉപകരണങ്ങൾ, നവമാധ്യമങ്ങളിലൂടെയും മറ്റും മനുഷ്യസ്വഭാവം പഠിച്ച് കച്ചവടത്തിനുപയോഗിക്കുന്ന അൽഗോരിതങ്ങൾ ഒക്കെ ഇതിന്റെ വർത്തമാനവും ഒരു പരിധി വരെ ഭാവിയും നമുക്ക് കാണിച്ച് തരുന്നുണ്ട്. മറുവശത്ത് ഉൽപ്പാദനക്ഷമത വളരെയധികം വർദ്ധിക്കുന്നതും, സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ചയും കാണാതിരുന്നു കൂടാ. ഇത് മനുഷ്യനെ ജനനം മുതൽ സൗകര്യങ്ങളുടെ മടിത്തട്ടിൽ രമിച്ച് ജീവിക്കാൻ പ്രാപ്തമാക്കുന്ന ഒരു നവ സാമ്പത്തിക ലോകത്തേക്ക് നയിക്കുമോ, അതോ എല്ലായിടത്തും മനുഷ്യനും യന്ത്രങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യനും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു സമൂഹ വ്യവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമോ? കാത്തിരുന്നു കാണുക തന്നെ!


അടിക്കുറിപ്പ്പ്: കഴിഞ്ഞ വർഷം കാണാനിടയായ ‘ഹെർ’ (Her) എന്ന ചലച്ചിത്രം മനുഷ്യനെ എങ്ങിനെ യാന്ത്രിക മനസ്സ് ശബ്ദത്തിലൂടെ മാത്രം കീഴടക്കുമെന്ന് കാണിച്ചു തന്നെങ്കിൽ, ഈ കുറിപ്പ് എഴുതിക്കഴിഞ്ഞ് മാത്രം കാണാനിടയായ ‘എക്സ് മഷീന’ (Ex Machina) എന്ന ചിത്രം കൃത്രിമബുദ്ധിയുടെ പരമമായ തലത്തിൽ പ്രജ്ഞ നേടിയ ഒരു ഹ്യൂമനോയ്ഡ് എങ്ങിനെ മനുഷ്യനെപ്പോലെ തന്നെ കണ്ടറിഞ്ഞ് പ്രവർത്തിക്കും വ്യക്തമാക്കുന്നു. കൃത്രിമബുദ്ധിയുടെ വികാസത്തിലെ ഒരു പ്രധാന കടമ്പയായ ‘ടൂറിങ്ങ് ടെസ്റ്റ്’ എങ്ങിനെ ഒരു റോബോട്ട് മറികടക്കുന്നുവെന്ന് മനോഹരമായി ചിത്രീകരിക്കുന്നതിനൊപ്പം ഇതിന്റെ വികാസത്തിൽ ശാസ്ത്രം നേരിടേണ്ടിവരുന്ന വെല്ലുവിളികളും ധാർമ്മിക പ്രശ്നങ്ങളും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുമുണ്ട്. വിഷ്വൽ ഇഫക്ട്സിന് (VFX) 2016-ലെ ഓസ്കാർ നേടിയ ഈ ചിത്രം ഈ മേഖലയിൽ അവസാനത്തേതാവില്ല എന്ന തിരിച്ചറിവോടെ നിർത്തുന്നു!

Comments