5ജി ലോകമഹായുദ്ധം?

by Jijo P Ulahannan

cover-image

മൊബൈൽ സാങ്കേതികവിദ്യയുടെ പേരിൽ ലോകം രണ്ട് ധ്രുവങ്ങളിലായി നിന്നൊരു പോരാട്ടം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

ചന്ദ്രയാൻ - 2 ആകാശത്തേക്ക് ഉയരുന്ന സമയത്ത് രാജ്യത്തിനു പുറത്ത് ഒരു വർക്ക്ഷോപ്പിൽ പങ്കെടുക്കുകയായിരുന്നു. ഹോങ്കോങ്ങിൽ നിന്നുള്ള പത്ര പ്രവർത്തകനായ ഗാരി ലിയു നയിച്ച ഈ വർക്ക്ഷോപ്പിന്റെ വിഷയം ഇതേ തലക്കെട്ടിലായിരുന്നു. പങ്കെടുത്തവരിൽ നിന്ന് തന്നെ പാനലിസ്റ്റുകളെയും തെരഞ്ഞെടുത്ത ഒരു അൺകോൺഫറൻസ് ചർച്ചയായിരുന്നു ഇത്. എന്റെ പിഎച്ച്ഡി വിഷയം ഫോട്ടോണിക്സിലായിരുന്നതിനാൽ ഞാനും ഒരു പാനലിസ്റ്റായി കൂടി. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ചൈനയും അമേരിക്കയും ഇരു വശങ്ങളിലും, യൂറോപ്യൻ യൂണിയൻ പോലുള്ള വലിയ വിഭാഗങ്ങൾ കാഴ്ച്ചക്കാരായും നിന്നുള്ള ഒരു വലിയ വടം വലി തന്നെ നടക്കുന്ന വാണിജ്യ യുദ്ധം നടക്കുന്ന വിവരം പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ. ഒരുദാഹരണം കാനഡയിൽ ഹ്വാവെ കമ്പനിയുടെ സിഎഫ്ഓയും ഉടമസ്ഥന്റെ മകളുമായ മെങ് വാൻഷോയുടെ അറസ്റ്റ്. ഇതിന്റെ യഥാർത്ഥ കാരണം അറിയാനായി നമുക്ക് അല്പം 5G പുരാണം വായിക്കാം:

അതി വേഗതയാർന്ന ഡിജിറ്റൽ സെല്ലുലാർ നെറ്റ്വർക്ക് സേവനങ്ങൾ നൽകാനായി ലോകമെമ്പാടും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യയെ ആണ് 5ജി കൊണ്ട് ഉദ്ദേശിക്കുന്നത്. 4ജിയുടെ രൂപാന്തരീകരണമായ 5ജി ന്യൂ റേഡിയോ എന്നതിന്റെ ചുരുക്കമായ 5GNR എന്ന് ഇത് അറിയപ്പെടും. നിലവിൽ 4ജി സേവനങ്ങൾ ഒരു നിശ്ചിത പ്രദേശത്ത് നൽകുന്നതിന്റെ പത്തിരട്ടി മൊബൈൽ ഉപകരണങ്ങൾ 5ജിയിൽ കണക്റ്റ് ചെയ്യാൻ സാധിക്കും. 4ജിയേക്കാൾ നൂറു മടങ്ങു വരെ ഡാറ്റ സ്പീഡ് (10 ജിബിപിഎസ്സിനു മുകളിൽ) നൽകാൻ 5ജിക്ക് സാധിക്കും. ഇതോടൊപ്പം കൂടുതൽ മൊബിലിറ്റി, ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവ്, കുറഞ്ഞ പവർ ഉപയോഗത്തിനാൽ കൂടുതൽ ബാറ്ററി ലൈഫ് ഒക്കെ 5ജി കൊണ്ടുവരും. എന്നാൽ ഇതിനു വേണ്ടി വരുന്ന ഉപകരണങ്ങളും, സ്പെക്ട്രവുമെല്ലാം പുതിയതായതിനാൽ 5ജിയിൽ മുന്നിട്ട് നിൽക്കുന്നവർ ലോകം ഭരിക്കുമെന്ന കാഴ്ച്ചപ്പാടിൽ ഇതിൽ മേൽക്കൈ നേടാനുള്ള വ്യാപാര യുദ്ധം നടന്നു കൊണ്ടിരിക്കുന്നു.

വൈദ്യുതകാന്തിക തരംഗങ്ങളായ മൈക്രോവേവ്, മില്ലീമീറ്റർ എന്നീ രണ്ട് തരംഗങ്ങളെയും ഇതിനായി ഉപയോഗിക്കാം. 5 ജി സ്പെക്ട്രം പൊതുവെ സബ്- 3 ഗിഗാ ഹേർട്സ് (ലോ ബാൻഡ്), 3-6 ഗിഗാ ഹേർട്സ് (മിഡ് ബാൻഡ്), 6 ഗിഗാ ഹേർട്സ് (മില്ലീ മീറ്റർ ബാൻഡ് അഥവാ ഹൈ ബാൻഡ്) എന്നിങ്ങനെ മൂന്നായി തിരിക്കാം. ഇതിനെല്ലാം അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ലോ, മിഡ് ബാൻഡുകൾ നിലവിൽ LTE (4ജി) സ്പെക്ട്രം ഉപയോഗിക്കുന്നവയായതിനാൽ ഈ ബാൻഡുകളിൽ വരുന്ന 5ജിക്ക്, 4ജി നെറ്റ്വർക്ക് സേവനങ്ങൾ നൽകാൻ സാധിക്കും. എന്നാൽ ഹൈ ബാൻഡിനാവട്ടെ നിലവിലുള്ള സാങ്കേതികവിദ്യകളെക്കുറിച്ച് അധികം വിഷമിക്കാതെ 5ജിയുടെ പരമാവധി കഴിവുകൾ പുറത്തെടുക്കുന്ന രീതിയിൽ വികസിപ്പിക്കാൻ സാധിക്കും. 24 ഗിഗാ ഹേർട്സിൽ തുടങ്ങി 70 ഗിഗാ ഹേർട്സ് വരെ ഈ ബാൻഡ് ഉപയോഗിക്കും. തരംഗ ആവൃത്തി കൂടുന്തോറും പൊതുവെ ആന്റിനയുടെ വലിപ്പവും, അതുപയോഗിക്കുന്ന ഉപകരണത്തിന്റെ വലിപ്പവുമൊക്കെ കുറയ്ക്കാം. മാത്രവുമല്ല കൂടുതൽ ഡാറ്റയും കൈകാര്യം ചെയ്യാം. പക്ഷേ ഈ തരംഗങ്ങൾ ഭിത്തികൾക്കപ്പുറം കടക്കാനോ, കൂടുതൽ ദൂരം സഞ്ചരിക്കാനോ കഴിയില്ല. അതിനാൽ ധാരാളം ആന്റിനകളും, റിപ്പീറ്ററുകളുമൊക്കെ വേണ്ടി വരും. കൂടാതെ കാലാവസ്ഥ, ഭൂപ്രകൃതി തുടങ്ങിയവ ഈ ആവൃത്തി തരംഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ നഗര പ്രദേശങ്ങൾക്കായിരിക്കും ഇത് അനുയോജ്യം. സബ് 6 ഗിഗാ ഹേർട്സ് തരംഗങ്ങൾ ആവട്ടെ വേഗത കുറഞ്ഞ നെറ്റ്വർക്ക് ആണെങ്കിലും കൂടുതൽ ദൂരം കവറേജ് കിട്ടുന്നതിനാൽ ആന്റിനകൾ കുറവ് മതിയാകും.

ചൈനീസ് കമ്പനികളായ ഹ്വാവെ, ZTE എന്നിവയാണ് 5ജി മേഖലയിലെ മുമ്പന്മാർ. ഈ വിപണിയുടെ ഏതാണ്ട് മുപ്പത് ശതമാനം കയ്യടിക്കിയ ഹ്വാവെ എതാണ്ട് നൂറ് ബില്ല്യൺ അമേരിക്കൻ ഡോളർ ബിസിനസ്സ് നേടിയിട്ടുണ്ട്. ഇതിൽ 60 ശതമാനവും യൂറോപ്പിൽ നിന്നാണെന്നത് അമേരിക്കയുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നു. ലോ, മിഡ് ബാൻഡുകൾക്കുള്ള പരിമിതികൾ മറികടക്കാൻ ചൈന മൾട്ടിപ്പിൾ-ഇൻപുട്ട് മൾട്ടിപ്പിൾ-ഔട്പുട്ട് (MIMO) എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. നിലവിൽ വൈഫൈ റൗട്ടറുകളും, 4ജിയുമൊക്കെ ഉപയോഗപ്പെടുത്തുന്ന ഒരു സാങ്കേതികവിദ്യയാണിത്. അമേരിക്കയാവട്ടെ ഉയർന്ന ആവൃത്തിയിലുള്ള മില്ലീമീറ്റർ തരംഗങ്ങൾ ഉള്ള സ്പെക്ട്രം മതി പബ്ലിക് നെറ്റ്വർക്കിന് എന്ന നിലപാടിലാണ്. ഇത് ചൈനീസ് കമ്പനികൾ ഉന്നം വയ്ക്കുന്ന സബ്-6 ഗിഗാ ബാൻഡുകളോടുള്ള വിരോധം കൊണ്ട് മാത്രമല്ല, സബ്-6 ഗിഗാ ഹേർട്സ് തരംഗങ്ങൾ കുറേ നാളുകളായി അമേരിക്കൻ പ്രതിരോധ വകുപ്പ് ഉപയോഗിക്കുന്നതിനാൽ പൊതുജനം ഹൈ ബാൻഡ് ഉപയോഗിക്കട്ടെ എന്ന് അവർ ശഠിക്കുന്നു. മാത്രവുമല്ല ചൈനീസ് കമ്പനികളെ ഒതുക്കി ലോകം മുഴുവൻ മില്ലീമീറ്റർ തരംഗങ്ങൾ ഉപയോഗിച്ചാൽ ചൈനക്കൊരു വെല്ലുവിളിയാകാമെന്നും അമേരിക്ക കരുതുന്നു. ചൈനയാവട്ടെ, അവരുടെ സാങ്കേതികവിദ്യ പരീക്ഷണങ്ങൾ നടത്തി വിജയം കണ്ട ശേഷം ലോകം മുഴുവൻ വിൽക്കാനായി ഇറങ്ങി കഴിഞ്ഞു. 5 ജി മേഖലയിൽ ധാരാളം പാറ്റന്റുകൾ കരസ്ഥമാക്കിയ ഹ്വാവെ, ZTE എന്നിവ 5 ജി വിപണിയിൽ നെറ്റ്വർക്കിങ്ങ് എതിരാളികളായ എറിക്സൺ, നോകിയ എന്നിവരെക്കാൾ മുന്നിലാണ്. ഹ്വാവെ 5ജിയുടെ എല്ലാ മേഖലകളിലും - ചിപ്പ് നിർമ്മാണം, നെറ്റ്വ്ർക്കിങ്ങ് എന്നിങ്ങനെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അമേരിക്കയുടെ തലവേദന വർദ്ധിപ്പിക്കുന്നു. യൂറോപ്യൻ യൂണിയനും, അമേരിക്കയുടെ സഖ്യ കക്ഷിയായ ബ്രിട്ടനുമൊക്കെ അമേരിക്കയുടെ വാദങ്ങൾ സ്വീകരിക്കാൻ തയ്യാറുമല്ല. ഇന്ത്യയാവട്ടെ രണ്ടും പോരട്ടെ എന്ന നിലപാടിലാണ്. ഹൈ ബാൻഡിനോട് അല്പമെങ്കിലും ആഭിമുഖ്യം കാണിക്കുന്നത് ദക്ഷിണ കൊറിയയും ജപ്പാനുമാണ്.

1837-ൽ സാമുവൽ മോഴ്സ്, ടെലിഗ്രാഫിക് സന്ദേശങ്ങൾക്കായി മോഴ്സ് കോഡ് കണ്ടുപിടിച്ചത് തൊട്ടിങ്ങോട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ ടെലിക്കമ്മ്യൂണിക്കേഷൻസിന്റെ മേഖല അമേരിക്കൻ കുത്തകയായിരുന്നു. ആ സ്ഥാനത്ത്, 2010 ആയപ്പോൾ ഒരു അമേരിക്കൻ കമ്പനി പോലും മുൻ നിരയിലില്ല എന്നതാണ് വസ്തുത. കമ്മ്യൂണിക്കേഷൻ മേഖലയിൽ അമേരിക്കയ്ക്കുള്ള കുത്തക അവരുടെ വ്യാവസായിക രംഗം ബെൽ ലാബ് പോലുള്ള ഗവേഷണ കേന്ദ്രങ്ങൾ ഗവേഷണവും വികസനവുമൊക്കെ ഉപേക്ഷിച്ച് കച്ചവടം മാത്രമായി ഒതുങ്ങിയതോടെ തീർന്നിരുന്നു. മാസ്സ് പ്രൊഡക്ഷൻ കേന്ദ്രമായി തുടങ്ങിയ ചൈന ക്രമേണ ഇതിലെ കേമന്മാരായി മാറുകയും ചെയ്തു. 2019 ജൂണിൽ മൂന്ന് ചൈനീസ് കമ്പനികൾക്ക് 5ജി സ്പെക്ട്രം ലൈസൻസ് നൽകി രാജ്യം മുഴുവൻ ഇതിൻ കീഴിൽ കൊണ്ടു വരാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. അമേരിക്ക, കൊറിയ, യുകെ എന്നിവടങ്ങളിലൊക്കെ ചെറിയ തോതിൽ 5ജി പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. അമേരിക്കയിലെ കേമന്മാരായിരുന്ന ബെൽ ലാബ് ഇന്ന് നോകിയയുടെ കൈവശവും, മോട്ടോറോള ചൈനീസ് കമ്പനിയായ ലെനോവോയുടെ ഉടമസ്ഥതയിലുമാണ്. അതോടൊപ്പം, മൊബൈൽ യുദ്ധത്തിൽ ലോകം സ്വീകരിച്ച GSM സാങ്കേതികവിദ്യയ്ക്ക് ഒപ്പം CDMA കൂടി അനുവദിച്ചത് അമേരിക്കയുടെ ആ മേഖലയിലുള്ള വികസനവും മുരടിപ്പിച്ചിരുന്നു. 24 ഗിഗാ ഹേർട്സ് സ്പെക്ട്രവുമായി അമേരിക്ക മുന്നോട്ട് പോകുമ്പോൾ യുകെ, ദക്ഷിണ കൊറിയ, ഓസ്റ്റ്രേലിയ, യൂറോപ്യൻ യൂണിയൻ എന്നിവരൊക്കെ ചൈന തെരഞ്ഞെടുത്ത താഴ്ന്ന ആവൃത്തി സ്പെക്ട്രമാണ് സ്വീകരിക്കുന്നത്. ഇതിലെവിടെയാണ് യുദ്ധമെന്ന് ഇനിയും മനസ്സിലായില്ലെങ്കിൽ 5ജി കൊണ്ടുവരുന്ന സാധ്യതകൾ എന്തൊക്കെയാണെന്ന് അറിയണം:

സ്മാർട്ട് സിറ്റികൾ

സ്മാർട്ട് സിറ്റികളെന്ന് എല്ലാവരും വീമ്പിളക്കുന്നുണ്ടെങ്കിലും, എവിടെയും യഥാർത്ഥ സ്മാർട്ട് സിറ്റി നിലവിൽ വന്നിട്ടില്ല, അല്ലെങ്കിൽ ലേബൽ മാത്രമേയുള്ളു. ഡാറ്റ സ്പീഡിലുള്ള പരിമിതികളും, കണക്ഷൻ ലേറ്റൻസിയുമൊക്കെ കാരണമാണ്. 5ജി സാങ്കേതികവിദ്യയുടെ സഹായത്താൽ ഇന്റർനെറ്റ് ഭീമനായ ആലിബാബ എന്ന കമ്പനിയുടെ നഗരമായ ഹാങ്ഷു (Hangzhou) ചൈന ലോകത്തെ ഏറ്റവും പുരോഗമിച്ച സ്മാർട്ട് സിറ്റിയായി മാറ്റിക്കഴിഞ്ഞു. ഉയർന്ന സാന്ദ്രതയിലുള്ള സിസിടിവി ക്യാമറകളുടെ ശൃംഖല സ്മാർട്ട് സിറ്റിയുടെ കണ്ണുകളായി പ്രവർത്തിക്കുന്നു. നിർമ്മിത ബുദ്ധി (Artificial Intelligence) സഹായത്താൽ സ്വയം നിയന്ത്രിക്കുന്ന ട്രാഫിക് സംവിധാനം 5ജി നെറ്റ്വർക്കിന്റെ വേഗതയാൽ ജിപിഎസ് ഡാറ്റ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്നു. ചൈനയിലെമ്പാടുമായി 20 കോടിയിലധികം സിസിടിവി ക്യാമറകളുണ്ടെന്ന് കണക്കാക്കുന്നു. എന്നാൽ, ഡാറ്റ പ്രൈവസി എന്നത് 5ജിയുടെ കാലത്ത് എന്താണെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അതുപോലെ തന്നെ സ്മാർട്ട് ഹോം ഒക്കെ 5ജി സങ്കല്പം പോലെ യഥാർത്ഥമാക്കി മാറ്റാം.

സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങൾ

ലോകം മുഴുവൻ, പ്രത്യേകിച്ച് അമേരിക്കൻ ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, ഉബർ, ടെസ്ല ഒക്കെ പരീക്ഷണം നടത്തിയിട്ടും തീരുമാനമാകാത്ത ഒരു മേഖലയാണ് സ്വയം സഞ്ചരിക്കുന്ന വാഹനങ്ങൾ അഥവാ ഓട്ടോണോമസ് വെഹിക്കിൾസ്. ഇവരുടെ വിഹാര മേഖലയായ ലോസ് ഏഞ്ചലസ് പോലെയുള്ള ഒരു നഗരത്തിൽ ഓടുന്ന ഗൂഗിൾ കാർ പോലുള്ള ഒന്നിന് അതിന്റെ ക്യാമറകൾ ഒപ്പിയെടുക്കുന്ന ചിത്രങ്ങളും, മറ്റ് സെൻസറുകൾ നൽകുന്ന വിവരങ്ങളും വച്ച് മാത്രം ഇത് സാധിക്കില്ല എന്നതാണ് പ്രധാന കാരണം. ഇതിൽ ഒന്നുമല്ലാതിരുന്ന ചൈന ഒരു കാര്യം മനസ്സിലാക്കി - ഒരു വാഹനം സ്വയം സഞ്ചരിക്കണമെങ്കിൽ അവയുടെ സെൻസറുകൾ എത്ര നന്നായിട്ടും കാര്യമില്ല, പകരം വഴിയിലെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മുന്നേ അറിയുക എന്നതാണ് ഇതിലെ മാജിക് എന്ന്. ഇതിനായി വഴിയിലുള്ള എല്ലാ സെൻസറുകളും - വഴി യാത്രക്കാരുടെ മൊബൈൽ ഫോൺ, സിസിടിവി ക്യാമറകൾ, ട്രാഫിക് സിഗ്നലുകൾ, തുടങ്ങി ഇന്റർനെറ്റ് കണക്ടഡ് ആയിട്ടുള്ള സെൻസർ ഉള്ള ഏതുപകരണവും വേഗതയേറിയ 5 ജി നെറ്റ്വർക്ക് വഴി കമ്പ്യൂട്ടറിൽ എത്തുകയും ആ വിവരങ്ങൾ സ്വയം സഞ്ചരിക്കാനുള്ള വിവരമായി കാറിന് ലഭ്യമാവുകയും ചെയ്യുന്നു. ഇത് ഒരു 4 ജി നെറ്റ്വർക്കിന്റെ വേഗതയിൽ സാധ്യമല്ല. ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന് വിളിക്കുന്ന ഈ മേഖല 5 ജിയുടെ വരവോടെ ശരിയായ ശക്തി കൈവരിക്കും എന്ന് ഇതിനാൽ മനസ്സിലാക്കാം. വഴിയിലൊരപകടം ഉണ്ടായാൽ ആംബുലൻസിന് ഒരു തടസ്സവുമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ ട്രാഫിക് സിസ്റ്റം സ്വയം ക്രമീകരിക്കാനും, ഒരിടത്തും ചുവപ്പ് കാണാതെ അതിനു സഞ്ചരിക്കാനും കഴിയുന്ന സാങ്കേതികവിദ്യയും അവർ നേടിക്കഴിഞ്ഞു. ഓട്ടോണോമസ് വാഹനങ്ങളുടെ കാര്യത്തിൽ ഏതാണ്ട് ഇരുപത് വർഷം പിന്നിലായിരുന്ന ചൈനയാണ് അതിവേഗ നെറ്റ്വർക്കിന്റെയും, കമ്പ്യൂട്ടിങ്ങിന്റെയും സഹായത്താൽ ഈ നിലയിലെത്തിയതെന്ന് കാണാം.

എഐ & റോബോട്ടിക്സ്

നിർമിത ബുദ്ധിയുടെ മേഖലയിൽ ത്വരിത വളർച്ചയ്ക്ക് 5ജി നെറ്റ്വർക്ക് സഹായിക്കും. ഇതോടൊപ്പം ഐഓടി കൂടി ചെർന്നത് ഒരു കണക്ടഡ് ലോകം സൃഷ്ടിക്കാൻ കാരണമാകും. 5ജിക്കായി ഡിസൈൻ ചെയ്യുന്ന ചിപ്പികൾ നിർമിത ബുദ്ധി എനേബിൾഡ് ചിപ്പുകൾ ആയതിനാൽ അതുപയോഗിക്കുന്ന ഉപകരണങ്ങൾക്ക് എഐ ക്ഷമത വളരെ കൂടുതലായിരിക്കും. ഇത്തരം ചിപ്പുകളായിരിക്കും 5ജി ഫോണുകളിൽ ഭാവിയിൽ ഉണ്ടാവുക. ഇത്തരം ഫോണുകൾക്ക് ഭാരം കുറവും, ബാറ്ററി ക്ഷമത കൂടുതലുമായിരിക്കും. അല്ലെങ്കിൽ അവയ്ക്ക് കൂടുതൽ ഫീച്ചറുകൾ നൽകാൻ സാധിക്കും. സാംസങ്ങ് ഗാലക്സി 10, ഹ്വാവെ മേറ്റ് എക്സ്, സാംസങ്ങ് ഗാലക്സിയുടേ മടക്കാവുന്ന ഫോൺ ഒക്കെ കളത്തിലിറങ്ങി കഴിഞ്ഞു. ചിപ്പ് നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന ക്വാൾകോമിന് വെല്ലുവിളിയാകാൻ ചൈനീസ് കമ്പനികളായ ഹ്വാവെ, മീഡിയടെക് എന്നിവർക്കൊപ്പം ഇന്റലും, സാംസങ്ങും രംഗത്തുണ്ട്. മില്ലീമീറ്റർ വേവ് ആന്റിനകളും, മോഡങ്ങളും ചിപ്പിൽ നിർമ്മിക്കുന്നത് പ്രയാസകരമായതിനാൽ അധികം കമ്പനികൾക്ക് ഹൈ ബാൻഡ് മോഡങ്ങൾ നിർമ്മിക്കുക സാദ്ധ്യമല്ല.

മെഡിക്കൽ സാങ്കേതികവിദ്യ

ചൈന ശക്തി തെളിയാക്കാൻ തെരഞ്ഞെടുത്ത അടുത്ത മേഖല റോബോട്ടിക് സർജറി ആയിരുന്നു. ടെലി-സർജറി 5ജി ഉപയോഗിച്ചാൽ ഒട്ടും ലേറ്റൻസി (കാലവിളംബം) ഇല്ലാതെ വളരെ ദൂരെയിരുന്നു നടത്താമെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. വളരെ സങ്കീർണ്ണമായ സർജറികളിൽ ദൂരെയിരിക്കുന്ന റോബോട്ടിനെ നിയന്ത്രിക്കുന്ന സർജന് ഒരു സെക്കന്റ് പോലും താമസം ഉണ്ടായാൽ ചിലപ്പോളത് രോഗിക്ക് ഹാനികരമായി മാറാം.

അൾട്രാഫാസ്റ്റ് വീഡിയൊ

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള സേവനങ്ങൾ പോപ്പുലർ ആകുന്ന കാലമാണല്ലോ ഇത്. അതിവേഗത്തിൽ സിനിമകളും, 4കെ, അൾട്രാ എച്ച്ഡി ഡിജിറ്റൽ ടിവികളും മറ്റും വയർലെസ്സ് സാങ്കേതികവിദ്യയിൽ വരാൻ 5ജി ഇടയാക്കും. കേബിൾ ടിവി, ഡിടിഎച്ച് ഒക്കെ ഇതോടെ അന്യം നിന്നേക്കാമെന്നതിനാൽ ജിയോ മൊബൈൽ, ജിയോ ഫൈബർ ഒക്കെപ്പോലെ 5ജിയെ ഒരു ഡിസ്രപ്ടീവ് സാങ്കേതികവിദ്യയെന്ന് വിശേഷിപ്പിക്കാം. പുതിയ സിനിമകൾ നേരേ വീടുകളിലേക്ക് റിലീസ് ചെയ്യാനും ഇത് ഇടയാക്കിയേക്കാം. നിലവിൽ ഒപ്റ്റിക്കൽ ഫൈബറിനോ, സാറ്റലൈറ്റ് കണക്ഷനോ മാത്രമെ ഉയർന്ന വേഗത നൽകാനാവൂ. അതിവേഗ കമ്മ്യൂണിക്കേഷൻ സാധ്യമാകുന്നത് വിദ്യാഭ്യാസ മേഖലയിലും വിപ്ലവം സൃഷ്ടിക്കും.

ഗെയിമിങ്

ധാരാളം പണം സൃഷ്ടിക്കുന്ന ഈ മേഖല 5 ജിയുടെ വരവോടെ റീയൽ ടൈം ഗെയിമിങ്ങ് ഒരു സാധ്യതയാക്കി മാറ്റും.ഹോളൊഗ്രാഫിക് പ്രൊജക്ഷൻ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി ഇവയൊക്കെ മുന്നേറും. വീഡിയോ കോൺഫറൻസ് മുഖേനയുള്ള ബിസിനസ്സ് മീറ്റിങ്ങുകൾക്ക് പകരം ഹോളോഗ്രാഫിക് മീറ്റിങ്ങ് വന്നാൽ എങ്ങിനെയിരിക്കും?

ചുരുക്കത്തിൽ കണക്ടിവിറ്റിയുടെ വേഗത ഒരു പ്രശ്നമായതിനാൽ മുടന്തി നീങ്ങുന്ന മേഖലകൾ മിക്കതും 5 ജിയുടെ വരവോടെ കുതിക്കുമെന്ന് കാണാം. ഇതോടൊപ്പം കമ്പ്യൂട്ടിങ്ങ് റിസോഴ്സുകളും, ഡാറ്റ സെന്ററുകളുടെ ശേഷിയുമൊക്കെ വർദ്ധിച്ചാലെ 5ജിയുടെ ഫുൾ പൊട്ടൻഷ്യൽ വരൂ എന്നത് വേറെ കാര്യം. മറ്റ് രാജ്യങ്ങൾ ഇത് മൊബൈൽ കമ്പനികളുടെ കാര്യമായി കരുതുമ്പോൾ ചൈന ഒരു ഡിജിറ്റൽ രാജ്യമെന്ന ലക്ഷ്യം നേടാൻ ഉതകുന്ന സാങ്കേതികവിദ്യ എന്ന നിലയിൽ മുന്നോട്ട് പോകുന്നു. ചൈന 2018-ൽ തന്നെ 6ജി ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്നോവേഷനും, പാറ്റന്റുകളും പ്രോത്സാഹിപ്പിക്കാതെ ഇന്ത്യയ്ക്ക് ഇവയെല്ലാം ഇറക്കുമതി ചെയ്യേണ്ടി തന്നെ വരും.

മറ്റൊരു ആശങ്ക ലോകമെമ്പാടുമുള്ളത്, 5ജിയുടെ വരവോടെ ഇന്റർനെറ്റ് ഇപ്പോഴുള്ള സ്വതന്ത്ര സംവിധാനത്തിൽ നിന്ന് വിവിധ രാജ്യങ്ങളും വ്യവസായികളും നിയന്ത്രിക്കുന്ന സമാന്തര സംവിധാനമായി മാറുമോ എന്നതാണ്. ചൈനയിൽ ഇപ്പോൾ തന്നെ നമ്മുടെ ഇന്റർനെറ്റിന് സമാന്തരമായ, സ്റ്റേറ്റ് സെൻസർഷിപ്പ് ഉള്ള ഒരു മിറർ ഇന്റർനെറ്റ് സംവിധാനമാണുള്ളത്. അതോടൊപ്പം ഹാക്കർമാർക്കും മറ്റും കാര്യങ്ങൾ എളുപ്പമാകാൻ വേഗത വർദ്ധിക്കുന്നത് ഇടയായേക്കാം. സൈബർ കുറ്റകൃത്യങ്ങൾ തടയാനും, ഇന്റർനെറ്റ് സുരക്ഷ ഏർപ്പാടാക്കാനും കൂടുതൽ ശ്രമങ്ങൾ വേണ്ടി വന്നേക്കാം. ഇന്റർനെറ്റ് സേവനങ്ങളുടെ ലോകത്ത് മുന്നിൽ നിൽക്കുന ഇന്ത്യൻ കമ്പനികൾക്ക് ഇതിൽ മാത്രമേ ചിലപ്പോൾ ആശയ്ക്ക് വകയുണ്ടാവൂ. കാരണം ചിപ്പുകൾ നിർമ്മിക്കാനോ, കമ്മ്യൂണിക്കേഷൻ ഉപാധികൾ വികസിപ്പിക്കാനോ ഉള്ള സാങ്കേതികവിദ്യ നമ്മൾക്കില്ല. 5ജി ഡാറ്റ കൈകാര്യം ചെയ്യാൻ വേണ്ട കമ്പ്യൂട്ടർ റിസോഴ്സുകളും, ഡാറ്റ സെന്റ്രറുകളുമൊക്കെ വികസിപ്പിക്കാനായാൽ നമുക്ക് അക്കാര്യത്തിലെങ്കിലും വിദേശികളെ ആശ്രയിക്കാതെ കഴിയാം.

വാൽ

മൊബൈൽ ആന്റിനകൾ എന്നാൽ പേടിക്കേണ്ട സംഭവമാണ് എന്ന് കരുതുന്ന നമ്മുടെ സമൂഹം കൂടുതൽ സാന്ദ്രതയുള്ള 5 ജി നെറ്റ്വർക്കിനോട് എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണണം. ഇത് പക്ഷേ, അടുത്തടുത്ത് വിന്യസിച്ചിരിക്കുന്ന വൈഫൈ ആന്റിനകൾ പോലുള്ള ഒരു സംവിധാനമായി കാണാൻ സാധിച്ചാൽ ഭീതി മാറിയേക്കാം.

Comments